To listen you must install Flash Player.

Sunday 7 July 2013


കുട്ടികളിലെ നേത്രസംരക്ഷണം ആഹാരത്തിലൂടെ ‘
_ഡോ. ബി. ജി. ഗോകുലന്‍ .
“എനിയ്ക്ക് നാളെ മുതല്‍ രണ്ടു ബ്രെഡും സോസും മാത്രം വെച്ചാല്‍ മതി. കൂട്ടുകാരെല്ലാം കളിയാക്കുന്നു. അവരൊക്കെ നൂഡില്‍സും ഹാമ്ബെര്‍ഗരും ഒക്കെ കൊണ്ടുവരുമ്പോള്‍ എനിയ്ക്ക് വയ്യ ചോറും കറികളും കൊണ്ട് പോകാന്‍.”
വൈകീട്ട് സ്കൂളില്‍നിന്ന് വന്ന മീനു ചോറ്റുപാത്രം ദേഷ്യത്തില്‍ മേശപ്പുറത്തേക്ക് ഇട്ടു അമ്മയോട് പറഞ്ഞു. ചൂടാറാത്ത രീതിയില്‍ രാവിലത്തെ തിരക്കില്‍ ചോറും കറികളും പ്രത്യേകമായി കൊടുത്തുവിട്ടിരുന്ന അമ്മ വിഷമത്തോടെ മീനുവിന്റെ ആഗ്രഹപ്രകാരമുള്ള ആഹാരത്തിലേക്ക് മാറി. പഠനത്തിലും മത്സരങ്ങളിലും ഉത്സാഹത്തോടെ പങ്കെടുത്തിരുന്ന മീനു ക്രമേണ വയറു വേദനയും ക്ഷീണവും അലസതയും മറ്റുമായി വര്‍ഷങ്ങള്‍ കൊണ്ട് മാറിപ്പോയി. കണ്ണടയും പതിവാക്കി.
ഒരു കുട്ടിയെ വേണ്ടത്ര ആരോഗ്യത്തോടെ കണ്ടാല്‍ തടി കൂടുതലാണന്നേ ഇക്കാലത്ത് പറയു. ആഹാരത്തിലെ മാറ്റം തലമുറകളെയും ബാധിച്ചിരിക്കുന്നു. ശാരീരിക ക്ഷമതയും കായിക ബലവും തീരെക്കുറഞ്ഞ അവസ്ഥയിലാണ് കുട്ടികള്‍ വളരുന്നത്‌. അതോടൊപ്പം മെയ്യനക്കത്തിന്റെ അഭാവവും കുട്ടികളിലെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു.അളവനുസരിച്ചുള്ള ആഹാരം ശരീരത്തിന് ബലമുണ്ടാക്കുന്നുവെന്ന് ആയുര്‍വേദ മതം. ആഹാരത്തിന്റെ ദഹിക്കുവാനുള്ള സമയവും ഗുണവുമനുസരിച്ചു ഈ അളവ് വ്യത്യസ്തമായിരിക്കും. പൊതുവില്‍ ആഹാരം മധുരത്തോട് കൂടിയതും ലഘുത്വമുള്ളതും ഉള്‍പുഴുക്കുണ്ടാക്കാത്തതും എണ്ണമയമുള്ളതു മായിരിക്കണം.
ആഹാരത്തെ പൊതുവേ മൂന്നായി വേര്‍തിരിക്കാം അമ്ള സ്വഭാവം ക്ഷാരസ്വഭാവം രണ്ടിലും മധ്യമം. ഇതില്‍ മധ്യമമായുള്ളതും ക്ഷാരസ്വഭാവമുളളതുമായ ആഹാരാദികള്‍ വേണം ശീലിക്കേണ്ടത്‌. വളരുന്ന കുട്ടികളുടെ നേത്രരക്ഷക്കും കാഴ്ച്ചയുടെ വികാസത്തിനും ആഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. ഇലക്കറികള്‍ വിവിധതരം പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍ എന്നിവയോടൊപ്പം തന്നെ മത്സ്യവും മാംസവും കണ്ണുകള്‍ക്ക്‌ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു. മുന്‍പ് സൂചിപ്പിച്ച കഥയിലെ നൂഡില്‍സ് പതിവാക്കുന്നത് അമ്ളത്വം കൂടുതലുള്ളതിനാല്‍ ശരീരത്തിനും കണ്ണുകള്‍ക്കും ഏറെ ഗുണകരമല്ലാത്ത ഒരാഹാരമാണ്. ആഹാരം എപ്പോള്‍ എങ്ങിനെ എത്ര കഴിക്കുന്നുവെന്നുള്ളതും ആരോഗ്യത്തെയും കണ്ണിനെയും ബാധിക്കുന്നു. ഇടയ്ക്കിടെ കഴിക്കുന്ന വറുത്ത പലഹാരങ്ങള്‍, പാക്കറ്റില്‍ ലഭിക്കുന്ന മെഷീന്‍ നിര്‍മിത ചിപ്സുകള്‍ തുടങ്ങിയവ ശരീരത്തിലെ അമ്ളത്വം കൂട്ടുന്നു. അതുപോലെ തന്നെ രാത്രി വൈകിയുള്ള ആഹാരം ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ തുടങ്ങിയവ പതിവാക്കിയാല്‍ അവ കണ്ണിനെ സാരമായി ബാധിക്കുന്നു.
മുരിങ്ങയില സൂപ്, ചീര സൂപ് തുടങ്ങിയവ നിത്യേനയെന്നോണം ശീലിക്കാവുന്ന കണ്ണിനു ഹിതകരങ്ങളായ ആഹാരങ്ങളാണ്.ചെന്നെല്ലരി, ഗോതമ്പ്, യവം, ഞ്ഞവരയരി, കട്ടികുറഞ്ഞ മാംസങ്ങള്‍ (പറവകള്‍, ആട് തുടങ്ങിയവ),അടപതിയന്‍ കിഴങ്ങ്, കടുക്ക, മുള്ളങ്കി, നെല്ലിയ്ക്ക, മുന്തിരിങ്ങ, ചെറുപയര്, പടവലങ്ങ, കോവയ്ക്ക, ശതാവരിക്കിഴങ്ങ്, ശര്‍ക്കര, നെയ്യ്, തേന്‍, മഴവെള്ളം, പാല്‍ മാതളനാരങ്ങ, ഇന്തൂപ്പ് എന്നിവ കണ്ണുകള്‍ക്ക്‌ പൊതുവേ ഗുണകരമായ ആഹാരസാധനങ്ങളാണ്. രാത്രിയില്‍ പതിവായി ഒരു സ്പൂണ്‍ ത്രിഫലപ്പൊടി തേനും നെയ്യും ചേര്‍ത്ത് കുട്ടികളും രോഗമില്ലാത്തവരും ശീലിക്കേണ്ടത്‌ കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് ശ്രേഷ്ടമാണ്. ബേയ്ക്ക്‌ ചെയ്തെടുക്കുന്ന ആഹാരങ്ങള്‍, ഒരിക്കല്‍ ഉപയോഗിച്ച എണ്ണയില്‍ വറുത്തെടുക്കുന്ന ആഹാരങ്ങള്‍ (re cycled oil), കൃത്രിമ ശീതളപാനീയങ്ങള്‍ (carbonated beverages) പായ്കറ്റില്‍ ലഭിക്കുന്ന കൃത്രിമ രാസവസ്തുക്കള്‍ (taste makers) ചേര്‍ത്തുണ്ടാക്കുന്ന കൂടുതല്‍ ഉപ്പു മസാല തുടങ്ങിയവ ചേര്‍ത്ത വറുത്ത പലഹാരങ്ങള്‍ എന്നിവ പതിവായി ശീലിക്കരുത്.
മീനു ഇന്ന് കോളേജിലെത്തി നില്‍ക്കുമ്പോള്‍ ചെറുപ്പത്തില്‍ അമ്മ ഉപദേശിച്ച ആഹാരരീതികളിലേക്ക് മടങ്ങി തന്‍റെ നഷ്ട്ടപെട്ട ആരോഗ്യവും കാഴ്ചയും വീണ്ടെടുത്തു.
.

0 comments:

Post a Comment