To listen you must install Flash Player.

Sunday, 7 July 2013


സന്ധിവാതം- വളരുന്ന സാംക്രമിക രോഗം
ഡോ. പത്മനാഭ ഷേണായ്‌
സന്ധികളില്‍ ഉണ്ടാവുന്ന വേദന, വീക്കം, മുറുക്കം എന്നിവയുമായി ബന്ധപ്പെട്ടതാണ് സന്ധിവാതം. സന്ധിവേദന ഒരു രോഗമല്ല, രോഗലക്ഷണമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു പനിയുമായിട്ടാവും ഡോക്ടറെ കാണാനെത്തുന്നത്. പക്ഷേ, വൈറല്‍പനി മുതല്‍ രക്താര്‍ബുദത്തിന്റെയോ മലേറിയയുടെയോവരെ ലക്ഷണമാവാം ആ പനി. അതുകൊണ്ട് ശരിയായ രോഗനിര്‍ണയത്തിന് ഡോക്ടര്‍ പരിശോധിക്കുകയും ഒട്ടേറെ ടെസ്റ്റുകള്‍ നിര്‍ദേശിക്കുകയും ചെയ്യും.
അതുപോലെ സന്ധിവാതം വൈറല്‍ പനിയടക്കമുള്ള ചെറിയ കാരണങ്ങള്‍ മൂലമോ മാരക രോഗങ്ങള്‍ മൂലമോ ഉണ്ടായേക്കാം. എവിടെയോ എന്തോ പ്രശ്‌നമുണ്ട് എന്നതിന്റെ സൂചനയാണ് സന്ധിവാതം. സാധാരണയായി ഇന്ത്യയില്‍ ആമവാതം, രക്തവാതം, ഗൗട്ട്, ലൂപ്പസ്, സെ്കലോഡെര്‍മ തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന സന്ധിവാത രോഗങ്ങള്‍.
രാജ്യത്ത് ചെറുപ്പക്കാരെയും മധ്യവയസ്‌കരെയും ബാധിക്കുന്ന സാധാരണ രോഗങ്ങളിലൊന്നായി സന്ധിവാതം മാറിക്കഴിഞ്ഞു. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ 2013 ഓടെ ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയായി സന്ധിവാതം മാറിയേക്കും. ഏത് പ്രായക്കാരെയും സന്ധിവാതം ബാധിച്ചേക്കാം. യുവതികളിലാണ് കൂടുതലായും കണ്ടുവരുന്നത്.
സാധാരണയായി പുറമെ നിന്നുള്ള അണുബാധയെ ചെറുക്കാന്‍ നമ്മുടെ ശരീരത്തിന് തന്നെ ഒരു രോഗപ്രതിരോധ വ്യവസ്ഥയുണ്ട്. എന്നാല്‍ നമ്മുടെ ശരീര പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൊണ്ടാണ് പല രോഗങ്ങളും ഉണ്ടാവുന്നത്. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നറിയപ്പെടുന്ന ഇവ പ്രതിരോധശേഷിയെ തകര്‍ക്കുകയും ശരീരത്തെ ബാധിക്കുകയും ചെയ്യുന്നു. സന്ധിവാതം ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളിലൊന്നാണ്. അത് സന്ധികളെയാണ് ആദ്യ ലക്ഷ്യമാക്കുന്നത്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രോഗം മറ്റ് അവയവങ്ങളെയും ആക്രമിക്കും.
വേദനയും വീക്കവുമാണ് സന്ധിവാതത്തിന്റെ പ്രധാന ലക്ഷണം. അരക്കെട്ട്, കൈകള്‍, കാലുകള്‍ എന്നിവയില്‍ തുടങ്ങുകയും ക്രമേണ സന്ധികളിലേക്ക് പടരുകയും ചെയ്യും. പ്രഭാത സമയങ്ങളിലുണ്ടാവുന്ന ശക്തമായ മുറുക്കമാണ് ഇത്തരം രോഗികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ചെറിയ പനിയും തളര്‍ച്ചയും ഉറക്കക്കുറവും കൂടെയുണ്ടാവും. ഒരൊറ്റ പരിശോധനയിലൂടെ രോഗനിര്‍ണയത്തിലെത്താനാവില്ല. നിങ്ങളുടെ മുന്‍കാല രോഗങ്ങളുടെ വിവരങ്ങളിലൂടെയോ വിശദമായ പരിശോധനയിലൂടെയോ ഡോക്ടര്‍ക്ക് രോഗം കണ്ടെത്താന്‍ കഴിയില്ല. പകരം കുറച്ച് രക്തപരിശോധനകളും എക്‌സ്‌റേകളും രോഗനിര്‍ണയത്തിന് ഉപയോഗിക്കും.
രോഗലക്ഷണങ്ങള്‍
സന്ധികളിലെ വീക്കം, കാല്‍മുട്ട് മടക്കുമ്പോഴുണ്ടാവുന്ന വേദന, രക്തപരിശോധനയിലെ ഉയര്‍ന്ന സി.ആര്‍.പി, ഇ.എസ്.ആര്‍. ലെവലുകള്‍, വാതത്തിന്റെ സാന്നിധ്യം. ആമവാതത്തില്‍ പ്രതിരോധ വ്യവസ്ഥ സന്ധികളെ ആക്രമിക്കുമ്പോള്‍ തരുണാസ്ഥികളുടെ തകര്‍ച്ചയിലേക്ക് നയിക്കുകയും അത് ക്രമേണ സന്ധികളുടെ അപചയത്തിന് കാരണമാവുകയും ചെയ്യും. സന്ധികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുകയും അടുത്ത 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിന് വേഗതയേറുകയും ചെയ്യും.
75 ശതമാനത്തോളം രോഗികളില്‍ കഠിനമായ വൈകല്യത്തിന് കാരണമാവുന്ന ഈ രോഗം ഇന്ന് തുടക്കത്തിലേ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒന്നായി മാറിക്കഴിഞ്ഞു. നേരത്തേയുള്ള രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും രോഗവ്യാപനത്തെ തടയും. റൂമാറ്റോളജിസ്റ്റിനെ സന്ദര്‍ശിക്കുകയും റൂമാറ്റോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഫിസിക്കല്‍ തെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, ഓര്‍ത്തോപീഡിയാക് സര്‍ജന്‍, പാദസംരക്ഷണ വിദഗ്ധര്‍, സൈക്യാട്രിസ്റ്റ് എന്നിവരിലേക്ക് എത്തുകയുമാണ് ചികിത്സാരീതി.മരുന്ന്, വ്യായാമം, ഭക്ഷണം, ആവികൊള്ളല്‍ എന്നിവയടങ്ങുന്ന ചികിത്സാസമീപനമായിരിക്കും ഡോക്ടര്‍ സ്വീകരിക്കുക. വേദനയും സന്ധികളിലെ വീക്കവും ഇല്ലാതാക്കുകയും അതുവഴി തരുണാസ്ഥികളുടെയും മറ്റ് അസ്ഥികളുടെയും തേയ്മാനം കുറയ്ക്കുകയുമാണ് ചികിത്സയുടെ ലക്ഷ്യം.
സന്ധിവാതത്തിനുള്ള മരുന്നുകള്‍
1. വേദനസംഹാരികള്‍, 2. രോഗപുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകള്‍. സന്ധിവാതത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ രോഗിയില്‍ ഉപയോഗിക്കുന്ന മരുന്നാണ് മെത്തോട്രെക്‌സാറ്റ്. സള്‍ഫാ സാലസിന്‍, ലെഫ്ലുനോമൈഡ്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് മരുന്നുകള്‍. 3. രാസസന്ദേശവാഹകരുടെ പ്രവര്‍ത്തനം തടയുന്ന ബയോളജിക്‌സ് വിഭാഗം മരുന്നുകളുടെ സഹായത്തോടെ സന്ധിവാത രോഗങ്ങളെ നിയന്ത്രിക്കാം. ടോസിലിസുമാബ്, അബാറ്റാസെപ്റ്റ്, റിറ്റഉക്‌സിമാബ്, ആന്റി ടി.എന്‍.എഫ്. തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളാണ്.
ആര്‍ത്രൈറ്റിസ് ഫൗണ്ടേഷന്റെ നിഗമനപ്രകാരം സന്ധിവാതത്തില്‍ പ്രത്യേക ഭക്ഷണരീതി ഇല്ല. എന്നാലും ഏതെങ്കിലും ഭക്ഷണം ആമവാതത്തിന്റെ ലക്ഷണങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നുണ്ടെങ്കിലോ അഥവാ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ടെങ്കിലോ ഭക്ഷണരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. സ്ഥിരമായ വ്യായാമം വീക്കം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വിവിധതരം വ്യായാമങ്ങള്‍
ചലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വ്യായാമങ്ങള്‍. ഉദാ: ഡാന്‍സ്. മസില്‍ ശക്തി പുഷ്ടിപ്പെടുത്തുന്നതിനുള്ള വ്യായാമം. എയറോബിക്/സൈക്ലിങ് പോലുള്ള വ്യായാമം ഹൃദയാരോഗ്യവും തൂക്കവും നിയന്ത്രിക്കുന്നു. എന്നാല്‍ സന്ധികളില്‍ അധിക മര്‍ദനമേല്പിക്കുന്ന വ്യായാമം ആമവാതത്തിന്റെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഒക്കുപേഷണല്‍ തെറാപ്പി സന്ധികളില്‍ കുറഞ്ഞ മര്‍ദം മാത്രമേ നല്‍കുന്നുള്ളൂ. ദൈനംദിന പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് രോഗികളെ സഹായിക്കുകയും ചെയ്യുന്നു.
അതിനായി സന്ധികളുടെ സംരക്ഷണത്തിനുതകുന്നതും പ്രവൃത്തികള്‍ ലളിതമാക്കുന്നതുമായ വ്യായാമങ്ങളാണ് തെറാപ്പിസ്റ്റുകള്‍ പഠിപ്പിക്കുന്നത്. ആമവാത ചികിത്സയില്‍ രോഗിയുടെയും കുടുംബത്തിന്റെയും അനുകൂലമായ സഹകരണം ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നു. നേരത്തേ രോഗനിര്‍ണയം നടത്തുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്താല്‍ രോഗിക്ക് ആമവാതത്തെ ഇല്ലാതാക്കുകയും വേദനരഹിതമായ സാധാരണജീവിതം നയിക്കുകയും ചെയ്യാം.

0 comments:

Post a Comment