പല്ലിനെ പുല്ലുപോലെ കാണല്ലെ
ഡോ.ടി.ഐ.രജീഷ്പല്ലിന്റെ ആരോഗ്യത്തിന് അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
മുഖഭംഗിക്കും വ്യക്തിത്വത്തിനും പ്രധാനമാണ് പുഞ്ചിരി. ആരോഗ്യമുള്ള പല്ലുകളാണ് പുഞ്ചിരിക്ക് സൗന്ദര്യം നല്‍കുന്നത്. ശുചിത്വംപോലെ പ്രധാനമാണ് പല്ലുകളുടെ ആരോഗ്യവും.
പല്ലിന്റെ തേയ്മാനം
പല്ല് തേയ്മാനം പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരാറുള്ളത്.
തെറ്റായ ബ്രഷിങ് മൂലം പല്ലിന്റെ മുന്‍വശത്ത് മോണയോട് ചേര്‍ന്നുണ്ടാകുന്ന തേയ്മാനം.
പ്രായമാകുമ്പോള്‍ പല്ലിന്റെ മുകള്‍ വശത്ത് (ചവയ്ക്കുന്ന ഭാഗം) ഉണ്ടാകുന്ന തേയ്മാനം.
പല്ലിന്റെ തേയ്മാനം കൊണ്ട് സാധാരണ ശക്തമായ പുളിപ്പും വേദനയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് ചൂടുള്ളതും തണുത്തതുമായ ആഹാരങ്ങള്‍ കഴിക്കുന്നത് ശ്രമകരമാകും. തെറ്റായ ബ്രഷിങ് മൂലം ഉണ്ടാകുന്ന പല്ലിന്റെ തേയ്മാനത്തിന് ഇനാമല്‍ (കോംപോസിറ്റ്) ഫില്ലിങ് കൊണ്ടോ ഡെന്റല്‍ സിമന്റ് കൊണ്ടോ അടയ്ക്കാവുന്നതാണ്. ശക്തമായ വേദന അനുഭവപ്പെടുകയാണെങ്കില്‍ ദന്തരോഗവിദഗ്ധനെ കണ്ട് വേരു വഴി (റൂട്ട് കനാല്‍) ചികിത്സ ചെയ്യേണ്ടി വന്നേക്കാം. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പല്ലുതേയ്മാനത്തിന് ദന്തല്‍ സിമന്റുകൊണ്ട് പല്ല് അടയ്ക്കുകയോ പല്ലിന്റെ പുളിപ്പിനുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയോ ചെയ്യാം.
പുളിപ്പിനുള്ള ടൂത്ത് പേസ്റ്റുകള്‍ തേയ്മാനം മൂലം ഉണ്ടാക്കുന്ന തുറസ്സായ ഡെന്റല്‍ സുഷിരത്തെ താത്കാലികമായി അടയ്ക്കുന്നു.
വായിലെ വ്രണങ്ങള്‍
വായില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള വ്രണങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്.
തിരക്കു കൂട്ടി പല്ല് ബ്രഷ് ചെയ്യുമ്പോള്‍ ബ്രഷ് കൊണ്ട് ഉണ്ടാകുന്ന മുറിവ്.
വിറ്റാമിനുകളുടെ കുറവുമൂലമുണ്ടാകുന്ന അള്‍സര്‍.
പുകവലി, മുറുക്കല്‍ എന്നീ ശീലമുള്ളവരില്‍ കാണുന്ന വായിലെ വ്രണങ്ങള്‍, വ്യതിയാനങ്ങള്‍.
സ്ഥിരമായി പല്ല് കെട്ടിയവരുടെ വായില്‍ ഉണ്ടാകുന്ന മുറിവ്.
വായില്‍ വ്രണങ്ങളുണ്ടാവുന്നത് തടയാന്‍ തിരക്കുകൂട്ടി പല്ല് ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം വായില്‍ അള്‍സറിന് പുരട്ടാനുള്ള ഓയിന്റ്‌മെന്റുകള്‍ ലഭ്യമാണ്. വിറ്റാമിനുകളുടെ കുറവിന് വിറ്റാമിന്‍ ബി. കലര്‍ന്ന ഗുളികകള്‍ കഴിക്കേണ്ടി വരും. വായിലെ അള്‍സര്‍ സാധാരണ ഒരാഴ്ചകൊണ്ട് മാറും. വായിലെ വ്രണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ചില വ്രണങ്ങള്‍ വായിലെ ക്യാന്‍സറായി മാറാം.
മോണയില്‍ നിന്ന് രക്തസ്രാവം
ചിലരില്‍ പല്ലുതേക്കുമ്പോഴും മറ്റു ചിലരില്‍ അല്ലാത്തപ്പോഴും മോണയില്‍ നിന്ന് രക്തസ്രാവം കാണാറുണ്ട്. വായില്‍ നിന്നുമുള്ള അഴുക്കുകള്‍ ഒത്തു ചേര്‍ന്നാണ് 'പ്ലാക്ക്' (ജഹമൂൗല) ഉണ്ടാകുന്നത്. പ്ലാക്ക് നീക്കം ചെയ്തില്ലെങ്കില്‍ അത് കട്ടിയുള്ള 'കാല്‍ക്കുലസ്' (Calculus) ആയി മാറുന്നു. ക്രമേണ കാര്‍ക്കുലസ് മോണയുടെയും പല്ലിന്റെയും ഇടയില്‍ വളര്‍ന്ന് മോണവീക്കമായി മാറുന്നു. അപ്പോഴാണ് വായില്‍ രക്തസ്രാവം ഉണ്ടാകുന്നത്. അതിന് നാം ദന്തഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം പല്ല് ക്ലീന്‍ (അള്‍ട്രാസോണിക് സ്‌കെയിലിങ്) ചെയ്യേണ്ടതാണ്. പല്ല് ക്ലീന്‍ ചെയ്തതിന് ശേഷം പുളിപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. ഈ പുളിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. അതിനുശേഷവും മോണവീക്കം കാണുകയാണെങ്കില്‍ മോണരോഗവിദഗ്ധനെ കണ്ട് അഭിപ്രായം തേടണം.
പല്ലിന്റെ പരിചരണം: ചെയ്യേണ്ടതും ചെയ്യരുതാത്തതും
പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്നതില്‍ നാം ശ്രദ്ധിക്കണം. സോഫ്ട് അല്ലെങ്കില്‍ മീഡിയം ബ്രിസിലുകള്‍ ഉള്ള ടൂത്ത് ബ്രഷ് ആണ് അഭികാമ്യം. ബ്രഷ് ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്ന് വിലയിരുത്തണം. മോണയില്‍ നിന്നും 45 ഡിഗ്രിയില്‍ ചെരിച്ചുപിടിച്ച് പല്ലിന്റെ പുറത്ത് ബ്രിസിലുകള്‍ ചലിപ്പിച്ചാണ് ബ്രഷ് ചെയ്യേണ്ടത്. മുകളിലെയും താഴത്തെയും വരിയിലെ പല്ലുകള്‍ വേറെ വേറെ ബ്രഷ് ചെയ്യണം. പല്ലിന്റെ ചവയ്ക്കുന്ന പ്രതലം, പുറത്തേക്കുള്ള ഭാഗം, ഉള്‍ഭാഗം എന്നിവ ബ്രഷിങ്ങില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ ബ്രിസിലുകള്‍ പല്ലിന്റെ മുകളില്‍ വട്ടത്തില്‍ ചലിപ്പിച്ചാണ് ബ്രഷ് ചെയ്യേണ്ടത്. സാധാരണ പല്ലുതേക്കേണ്ട സമയം 2-3 മിനിട്ടുവരെയാണ്. മുതിര്‍ന്നവര്‍ക്ക് ഫ്ലാറൈഡ് കലര്‍ന്ന പേസ്റ്റുകള്‍ ഉപയോഗിക്കാം. ഫ്ലാറൈഡ് പല്ലിന് കേടുകള്‍ ഉണ്ടാകുന്നത് ഗണ്യമായി കുറയ്ക്കുന്നു.
കുട്ടികള്‍ക്ക് അവരുടേതായ ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷും വിപണിയില്‍ ലഭ്യമാണ്. ഭക്ഷണം കഴിച്ചതിനുശേഷവും ഒട്ടിപ്പിടിക്കുന്ന മധുരപദാര്‍ഥങ്ങള്‍ കഴിച്ചതിന് ശേഷവും വായ് നന്നായി കഴുകണം. ദിവസവും രണ്ടുനേരവും (കാലത്തും രാത്രിയും) പല്ലുതേക്കേണ്ടതാണ്. പുകവലി, മുറുക്കല്‍ എന്നീ ദുശ്ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഭാവിയില്‍ വായിലെ ക്യാന്‍സറിന് സാധ്യതയുണ്ട്. പല്ലുകൊണ്ട് മൂടി തുറക്കുക, സൂചി കടിക്കുക, മറ്റ് ബലമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നിവ ഒഴിവാക്കേണ്ടതാണ്. അവ, പല്ലിന്റെ ഉറപ്പിനെ ബാധിച്ചേക്കാം. പല്ല് എടുത്താല്‍ വിട്ടുമാറാത്ത തലവേദന ഉണ്ടാവുക, പല്ല് ക്ലീന്‍ ചെയ്താല്‍ ഇനാമലിന് തേയ്മാനം സംഭവിക്കുക എന്നിവ മിഥ്യാ ധാരണകളാണ്. പല്ലുവേദന, മോണവീക്കം, പുളിപ്പ്, മറ്റു ദന്തരോഗങ്ങള്‍ എന്നിവയ്ക്ക് സ്വയം ചികിത്സ ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ദന്തഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം.
0 comments:
Post a Comment