To listen you must install Flash Player.

Monday, 22 July 2013ചര്‍മ്മ രോഗങ്ങള്‍


ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളുടെ കാരണം പുറത്തുനിന്നും ശരീരത്തില്‍ നിന്നതന്നെയും ഉണ്ടാകാം.  പുറത്തുനിന്ന് രോഗം കൊണ്ടുവരുന്നത് ബാക്ടീരിയയോ ഫംഗസോ വൈറസുകളോ ആകാം.  പേന്‍, സ്കാബ് മൈറ്റ് എന്നിവയും രോഗംകൊണ്ടുവരുന്നവയാണ്.  യൌവനാരംഭത്തിലെ മുഖക്കുരുവും തുടയിടുക്കിലെ ചൊറിച്ചിലുമൊക്കെ ബാക്ടീരിയയും ഫംഗസും സമ്മാനിക്കുന്നതാണ്. ചര്‍മ്മരോഗങ്ങള്‍ കലശലായി, മരണകാരണമാവുന്ന തരവുമുണ്ട്.  ത്വക്കില്‍ ചൊറിഞ്ഞുതിണിര്‍ത്ത പാടുകളായോ കുരുവും കുമിളകളുമായോ പ്രത്യക്ഷപ്പെടുന്ന തരം ചര്‍മ്മരോഗങ്ങളുണ്ട്.  ചിക്കന്‍പോക്സ്, മണല്‍, ഹെര്‍പ്പിസ് എന്നിവ ഉദാഹരണം.  ചില സസ്യങ്ങളുടെ സമ്പര്‍ക്കം, പ്രാണികളുടെ കടി എന്നിവയുണ്ടാക്കുന്ന അലര്‍ജി മൂലവും ചര്‍മ്മരോഗങ്ങള്‍ വരാറുണ്ട്.  ശരീരത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനത്തകരാറുമൂലം സംഭവിക്കാവുന്നവയാണ് സോറിയാസിസ്, വെള്ളപ്പാണ്ട് (ലൂക്കോഡെര്‍മ) , എക്സീമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍.  അരിമ്പാറയ്ക്കു കാരണമാവുന്നത് വൈറസുകളാണ്.  ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ ആണ് ഇക്കുട്ടത്തില്‍ വെച്ചേറ്റവും മാരകമായ ചര്‍മ്മ രോഗം. 

എക്സീമ :     

ചര്‍മ്മത്തിലെ വീക്കം എന്നര്‍ത്ഥം വരുന്ന ഡെര്‍മാറ്റിറ്റിസ് എന്നും ഇതിനുപേരുണ്ട്.  ചൊറിച്ചിലോടുകൂടിയ ചുവന്ന തിണര്‍പ്പുകളാണ് എക്സീമയുടെ മുഖഭാവം. ചര്‍മ്മം, വരണ്ടതോ ചെളുക്കകളുള്ളതോ വിണ്ടുകീറിയതോ പൊട്ടിയൊലിക്കുന്നതോ ആയി കാണപ്പെടുന്നു.  ഒലിക്കുന്ന ദ്രാവകം അണുബാധയുള്ളതോ ചലമോ അല്ലതാനും. എക്സീമയ്ക്ക് കാരണം പലതാണ്.  അലര്‍ജികൊണ്ടും പാരമ്പര്യമായും എക്സീമ പിടിപെടാം.  ഇതാണ് അറ്റോപിക്എക്സീമ.  മറ്റെന്തെങ്കിലും പ്രകോപനംകൊണ്ടും, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണത്താലും ഇതുണ്ടാവാറുണ്ട്.  ഈ ആക്രമണം കണ്ട ഭാഗത്തുനിന്ന് വിട്ടുമാറിയാണ് ഇത്തരം എക്സീമ വ്യാപിക്കുന്നത്. സ്ഥിരമായി ഉരച്ചിലും ചൊറിച്ചിലും നടക്കുന്ന ശരീരഭാഗങ്ങളിലും എക്സീമ വരാം. എക്സീമ ശരീരത്തിന്റെ ഏതു ഭാഗത്തും വരാം, തലയോട്ടിയിലും നെറ്റിയിലും മുട്ടുമടക്കുകളിലും ആസനത്തിനിടയിലും വരെ രോഗം ബാധിക്കുന്നു.  വരണ്ട ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെട്ട് തണുപ്പും ഈര്‍പ്പരഹിതവുമായ കാലാവസ്ഥയില്‍ മൂര്‍ച്ഛിക്കുന്ന തരവും, കൈവെള്ളയിലും കാലടിയിലും പ്രത്യക്ഷപ്പെട്ട് വരണ്ടകാലാവസ്ഥയില്‍ ഗുരുതരമാവുന്ന തരവുമുണ്ട്.  വെരിക്കോസ് വെയിനിന്റെ അസുഖമുള്ള പ്രായം ചെന്നവരില്‍ വീനസ് എക്സീമ ബാധിക്കാറുണ്ട്. ചുവന്ന നിറത്തില്‍ ചെതുമ്പല്‍ കെട്ടി, തടിച്ച ഞരമ്പുകളുടെ മേലുള്ള ചര്‍മ്മത്തില്‍ ചൊറിച്ചിലോടെ ഇത് കാണപ്പെടുന്നു. തന്നിഷ്ടം പോലെ വന്നുപോകുന്ന രോഗമാണ് എക്സീമ.

    എക്സീമയ്ക്കുള്ള ചികിത്സ ലളിതമാണ്. ഒരു സസ്യമോ ഭക്ഷണമോ ജീവിയോ മറ്റേതെങ്കിലും  വസ്തുവോ ആയുള്ള സ്പര്‍ശനമാണ് രോഗം തുടങ്ങാനോ കലശലാവനോ കാരണമാവുന്നതെങ്കില്‍ അതുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാമല്ലോ. സ്ഥിരമായി ഉരച്ചിലോ പോറലോ ഏല്ക്കുന്ന ജീവിതരീതിയാണെങ്കില്‍ അതും മാറ്റിയെടുക്കാം.  സ്റിറോയ്ഡ് അടങ്ങിയ കോര്‍ട്ടിസോണ്‍ ക്രീമുകള്‍ ഫലപ്രദമായ മരുന്നാണ്.  കൂടുതല്‍ കലശലായ ഘട്ടത്തില്‍ സ്റിറോയ്ഡ് ഗുളികകളും ഇന്‍ജെക്ഷനും വേണം.  കാലാവസ്ഥാമാറ്റത്തിനും എക്സീമ ശമിപ്പിക്കാനാവും.  തണുപ്പ്മൂലം പ്രത്യക്ഷപ്പെടുന്ന രോഗം, ചൂടുകാലാവസ്ഥയിലേക്ക് മാറിത്താമസിക്കുമ്പോള്‍ ഭേദമാവുന്നതുകണ്ടിട്ടുണ്ട്. ചെറുപ്പത്തില്‍ എക്സീമ വന്നവരില്‍ പ്രായമാകുമ്പോള്‍ അതുമാറാറുണ്ട്.  എന്നാല്‍ ഇവര്‍ക്ക് ആസ്മ പിടിപെടാന്‍ സാധ്യത കൂടുതലാണ്.

അരിമ്പാറ (വാര്‍ട്ട്)

    തൊലിപ്പുറത്ത് പൊന്തിവരുന്ന, ഉരുണ്ട് കട്ടിയുള്ള, പല വലിപ്പത്തിലുള്ള, വൃത്തികേടുതോന്നിക്കുന്ന കറുത്ത മുഴകളാണിവ.  ഏതാണ്ട് പത്തുതരം അരിമ്പാറകളുണ്ട്.  കണ്ണില്‍പ്പെടാത്ത കറുത്ത പൊട്ടുകളായും വലിയ അഭംഗിയുണ്ടാക്കുന്ന വിധത്തിലും, മുഖത്തും കൈകാലുകളിലും ഇത് മുളച്ചുപൊന്തുന്നു.  മനുഷ്യനില്‍ ഇതുണ്ടാക്കുന്ന 130 തരം “ പാപ്പിലോമവൈറസു ”കളുണ്ട്. സമ്പര്‍ക്കംകൊണ്ട് പകരുന്നതാണ് അരിമ്പാറകള്‍.  ചില മാസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്നതരവും ജീവകാലം നിലനില്‍ക്കുന്നതരവും അരിമ്പാറകളുണ്ട്. ചിലതാകട്ടെ, ഇല്ലാതായാലും അതേ സ്ഥാനത്ത് വീണ്ടും പൊന്തിവരികയും ചെയ്യും.

    ശരീരത്തിലെവിടെയും അരിമ്പാറ പൊന്താം. കൈകളില്‍, ഒറ്റക്കൊറ്റക്ക്, തടിച്ചുപരുപരുത്ത മുഖത്തോടെ അവ കാണപ്പെടുന്നു. പരന്നുമൃദുവായി കാണപ്പെടുന്ന ചെറിയ അരിമ്പാറക്കൂട്ടങ്ങള്‍ മുഖത്തിലും കഴുത്തിലും മണികണ്ഠത്തിലും മുട്ടുകളിലും കാണാം. നൂല്‍ വണ്ണത്തിലും വിരല്‍വണ്ണത്തിലും ഇവ പ്രത്യക്ഷപ്പെടും. കണ്‍പോളകളിലും ചുണ്ടിലുമാണ് ഈ തരം സാധാരണ കാണുന്നത്.  നഖങ്ങള്‍ക്കു ചുറ്റുമായും കാലിനടിയിലും ജനനേന്ദ്രിയങ്ങളില്‍പ്പോലും അരിമ്പാറ പൊന്താം.  അരിമ്പാറയുണ്ടാക്കുന്ന വൈറസിന് പലവിധം കാന്‍സറുമായും ബന്ധമുണ്ട് എന്നത് സംഗതി ഗൌരവമുള്ളതാക്കുന്നു. ജനനേന്ദ്രിയ അരിമ്പാറയ്ക്കും  കാന്‍സറിനും ഒരുതരം വാക്സിന്‍ ചികിത്സയുണ്ട്.  സാലിസിലിക് ആസിഡും സില്‍വര്‍നൈട്രേറ്റും മികച്ച  ഫലം തരുന്ന മരുന്നുകളാണ്.  ഈ മരുന്നുകള്‍ അരിമ്പാറകളെ അലിയിച്ച് ഇല്ലാതാക്കുന്നു. ഇതിനുശേഷം പ്യൂമിസ് കല്ലുകൊണ്ട് ഉരസുന്നത് നല്ലതാണ്. അരിമ്പാറകളെ മരവിപ്പിച്ച് കൊഴിച്ചുകളയുന്നതും ലേസര്‍ ചികിത്സയും ഫലപ്രദമാണ്.  ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതും ഒരു ചികിത്സാ രീതിയാണ്. ഇത്തരത്തില്‍, ഹിപ്പ്നോട്ടിസം അടക്കം വിവിധ ചികിത്സകള്‍ അരിമ്പാറയെ നശിപ്പിക്കാന്‍ നിലവിലുണ്ട്. എന്നാല്‍ പ്രശ്നമിതാണ് ; അരിമ്പാറ ചിലപ്പോള്‍ വീണ്ടും പൊന്തിവരും.

ലൂക്കോഡെര്‍മ അഥവാ വെള്ളപാണ്ട്

    വിറ്റിലാഗോ എന്നുകൂടി അറിയപ്പെടുന്ന വെള്ളപാണ്ട്, മനുഷ്യശരീരം തന്നെ ഉണ്ടാക്കുന്ന ഒരവസ്ഥയാണ്.  തൊലിക്ക് നിറം (കറുപ്പോ, വെളുപ്പോ, ഇരുനിറമോ) കൊടുക്കുന്ന മെലാനിന്‍ ഇല്ലാതെ ജനിക്കുന്ന “ വെള്ളക്കാരെ  ” കണ്ടിട്ടില്ലേ ? ആല്‍ബിനിസം എന്നാണ് ഈ അവസ്ഥയുടെ പേര്.  ഇക്കുട്ടരുടെ തൊലിയും മുടിയും പുരികവും കണ്‍പീലികളും ഒക്കെ വെളുത്തിരിക്കും. ഇത് ജ•നാല്‍ വരുന്നതാണ്. എന്നാല്‍  നിറം കൊടുക്കുന്ന മെലാനിന്‍ പതുക്കെപ്പതുക്കെ ഇല്ലാതായി അവിടവിടെ വെളുത്ത പാണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലൂക്കോഡെര്‍മ. കാഴ്ചയില്‍ അറുപ്പും വെറുപ്പുമുണ്ടാവുന്ന രൂപമാണ് രോഗിക്ക്.  ഏതു പ്രായക്കാരെയും ഇത് ബാധിക്കാം.  പാരമ്പര്യമായും ഇത് കണ്ടുവരുന്നു. ചെറുപ്പത്തില്‍ തന്നെ ഇത് തുടങ്ങി വെക്കും. ലോകത്ത് ഒരു ശതമാനം പേര്‍ക്കെങ്കിലും ഈ രോഗമുണ്ട്.  ഇന്ത്യയില്‍ ഈ തോത് അല്പം കൂടുതലുമാണ്. സ്ത്രീകളെയാണത്രെ കൂടുതലും ഇതാക്രമിക്കുന്നത്. കൈകളിലും കഴുത്തിലും തുടങ്ങി പുറത്തും ദേഹം മുഴുവനും പാണ്ടുകളായി ഇതി വ്യാപിക്കുന്നു. മുടികൊഴിച്ചിലും നരയും രോഗിയെ ബാധിക്കുന്നു. 

    വെളുത്തനിറം ഇന്ത്യക്കാരന്റെ ഭ്രമമാണെങ്കിലും പാണ്ടുപിടിച്ചുവെളുക്കുന്നത് ആരുമിഷ്ടപ്പെടില്ല. പാണ്ടുള്ളവരെ അകറ്റിനിര്‍ത്തുകയും ലജ്ജമൂലം അവര്‍ സ്വയം അകന്നുനില്‍ക്കുകയും ചെയ്യുന്നു. മറ്റെല്ലാവിധത്തിലും ആരോഗ്യവാനും യോഗ്യനുമാണെങ്കിലും ഒരുതരം ഒറ്റപ്പെടലിന് രോഗി വിധേയനാവുന്നു.  ചികിത്സ ഇതിനുംകൂടി വേണമെന്നര്‍ത്ഥം.

    വിരകള്‍ മൂലമോ, കാല്‍സിയത്തിന്റെ കുറവുകൊണ്ടോ മഞ്ഞപ്പിത്തംമൂലമോ ഉദരരോഗങ്ങള്‍ മൂലമോ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ടോ ആവാം രോഗബാധ. എന്നാല്‍ കടുത്ത മാനസിക സംഘര്‍ഷം ആണ് പ്രധാനകാരണമായി വിദഗ്ധര്‍ പറയുന്നത്.  ബാക്ടീരിയയോ വൈറസോ ഫംഗസോ അല്ല മൂലകാരണം. തൊലിയിലെ മെലാനിന്‍ എന്ന വസ്തുവിനെ ശരീരം തന്നെ ഇല്ലാതാക്കുന്നതാണ് നിറപ്പകര്‍ച്ചയ്ക്ക്കാരണം.  പാണ്ടുള്ളവരുമായി അടുത്തിടപഴകുന്നതുകൊണ്ട് ഒരിക്കലും രോഗം വരില്ല. 

    വെള്ളപാണ്ടിന് ചികിത്സകള്‍ പലതുണ്ടെങ്കിലും ഫലസിദ്ധിക്ക് വലിയ ഉറപ്പൊന്നുമില്ല. ചില ചികിത്സാവിധികള്‍ താഴെപ്പറയുന്നു.

1.    സോറാലിന്‍ (Psoralen) മരുന്നുകഴിച്ച ശേഷം അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്ക്കുക.

2.    പാണ്ടുള്ള ഭാഗത്തേക്ക് നല്ലതൊലി മാറ്റിവെക്കുക

3.    ആന്റി ഓക്സിഡന്റ് മരുന്നുകള്‍ പ്രയോഗിക്കുക.

    നാരങ്ങാ വര്‍ഗ്ഗത്തിലുള്ള ഫലങ്ങള്‍, മത്സ്യം, ഞണ്ട്, കൊഞ്ച് തുടങ്ങിയ കടല്‍ വിഭവങ്ങള്‍,  ഡൈ എന്നിവ വര്‍ജിക്കുന്നത് രോഗം പടരാതിരിക്കാന്‍ നല്ലതാണത്രെ.  എന്നാലിതിന് ഉറപ്പൊന്നും പറഞ്ഞുകേട്ടിട്ടില്ല.
തലപ്പേന്‍ :
  
    ശരീരശുചിത്വത്തെക്കുറിച്ചുള്ള ബോധവും ഷാംപൂ പോലുള്ള വസ്തുക്കളും മരുന്നുകളും ആണ് ഇതിനുകാരണം.
    പേനില്ലാത്ത തലയില്ല എന്നതുപോയി തലയില്‍പ്പോലും പേനില്ല എന്ന അവസ്ഥ നല്ലിട്ടുണ്ട്. എന്നാല്‍ അപ്പറഞ്ഞതൊക്കെ അപ്രാപ്യരായ ആളുകളും നാട്ടിലുണ്ടല്ലോ. പേന്‍ ശല്യം അവരില്‍ ഇപ്പോഴുമുണ്ട്.

ചിരങ്ങ് (Scabies)

    തൊലിക്കടിയില്‍ മാളത്തില്‍ കഴിയുന്ന മൈറ്റ് എന്ന കാണാന്‍ പറ്റാത്ത സൂക്ഷ്മ പ്രാണികളാണ് ചിരങ്ങിനു കാരണം.  പെട്ടെന്ന് മുട്ടയിട്ടുപെരുകുന്ന ഇവ ത്വക്കിലേക്കു തുരന്നുകയറി ചൊറിച്ചിലുണ്ടാക്കുന്നു. ചൊറിച്ചില്‍മൂലം പൊട്ടലും രോമ നഷ്ടവുംകൊണ്ട് തൊലിപ്പുറം വികൃതമാകുന്നു. മനുഷ്യരിലും മൃഗങ്ങളിലും വ്യത്യസ്ത സൂക്ഷ്മപ്രാണികളാണ് ചിരങ്ങുണ്ടാക്കുന്നത്. ചൂടുള്ള സമയത്തും രാത്രിയിലുമാണ് ചൊറിച്ചില്‍ അസഹനീയമാകുന്നത്. മുട്ട വിരിഞ്ഞു വലുതായ മൈറ്റ് തൊലിക്കടിയില്‍ മാളമുണ്ടാക്കി തൊലിപ്പുറമേ   ആകൃതിയില്‍ പാടുകളുണ്ടാക്കും. കൊതുകു കടിച്ചപോലത്തെ അടയാളങ്ങളും ഉണ്ടാകും. ശരീരത്തിന്റെ മടക്കുകളിലും ഇടുക്കുകളിലും ചന്തിയിലും തുടയിടുക്കിലും വിരലുകള്‍ക്കിടയിലും സ്ത്രീകളുടെ മുലകള്‍ക്കിടയിലും ആണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ അഞ്ചാറാഴ്ച പിടിക്കും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെവേണ്ടിവന്നേക്കാം. കുട്ടികളില്‍ കൈവെള്ളകളിലും കാലടികളിലും ചലം നിറഞ്ഞ കുരുക്കളായി ഇതു കാണപ്പെടുന്നു. ത്വക്ക് പൊറ്റകെട്ടി തടിച്ചുനില്‍ക്കുന്ന അവസ്ഥ പ്രായമായവരിലും എച്ച്. ഐ. വി. രോഗികളിലും ഇമ്യൂണോസപ്രസന്റ്  മരുന്നുകഴിക്കുന്നവരിലും ആണ് ഉണ്ടാവുക. പ്രാണികള്‍ ഈ പൊറ്റയ്ക്കടിയില്‍ ഒളിച്ചിരിക്കും.  ഇത് ചികിത്സ വിഷമകരമാക്കുന്നു. രോഗകാരണകാരായ ഈ സൂക്ഷ്മപ്രാണികള്‍ ചിലന്തികളെ പ്പോലെ എട്ടുകാലുള്ളവയാണ്. ത്വക്കിനിടയിലും പുറത്തുമുള്ള ഇവയുടെ സഞ്ചാരം അസ്വാസ്ഥ്യവും ചൊറിച്ചിലുമുണ്ടാക്കും. ഇതിന് ആറാഴ്ച പിടിക്കും. ചൊറിഞ്ഞും മാന്തിയും  രോഗബാധ പൂര്‍ണമാകും. എന്നാല്‍ മുമ്പ് രോഗം വന്നുമാറിയ ഒരാളെ വീണ്ടും രോഗം ബാധിച്ചാല്‍ ഈ മാറ്റം വളരെ പെട്ടെന്നാകും. ഈ സൂക്ഷ്മ പ്രാണിക്ക് രോഗിയുടെ ശരീരത്തിലേ ജീവിക്കാനാവൂ. അല്ലെങ്കില്‍ 36 മണിക്കൂറിനകം അതു ചത്തുപോകും.

  
    ചിരങ്ങിന്റെ ചികിത്സക്ക് പലതരം മരുന്നുകളുണ്ട്. പ്രാണികളെ കൊല്ലാന്‍ ശക്തിയുള്ള പെര്‍മെത്രിന്‍ എന്ന രാസവസ്തു അടങ്ങിയ ലോഷന്‍ ഒരുതവണ ത്വക്കില്‍ പുരട്ടിയാല്‍ തന്നെ ഫലംകിട്ടും രോഗം കഠിനമാണെങ്കില്‍ രണ്ടാഴ്ചക്കകം ഒന്നുകൂടി പുരട്ടേണ്ടിവരും. സള്‍ഫര്‍ കലര്‍ന്ന ഓയിന്‍മെന്റുകളും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. “ ഐവര്‍ മെക്റ്റിന്‍ ” എന്ന മരുന്ന് കഴിക്കുകയോ അതിന്റെ ലോഷന്‍ പുറമേ പുരട്ടുകയോ ചെയ്യുന്നതും ഫലം ചെയ്യും. അലര്‍ജിക്കുള്ള മരുന്നുകള്‍ ചൊറിച്ചിലിനു ശമനമുണ്ടാക്കും. എന്നാലിത് കുട്ടികളില്‍ പ്രയോഗിച്ചുകൂടാ.

  
    ഇതുപോലെ വേറെയും അസുഖങ്ങള്‍ ചാടിവീഴാന്‍ തക്കംനോക്കി നില്‍പ്പുള്ളതുകൊണ്ട് ശ്രദ്ധയും വൃത്തിയുമുള്ള ജീവിതശൈലി കൂടിയേ കഴിയൂ. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതല്ലേ നല്ലത്. ?

-

1 comment:

  1. Thanks so much for a great post. I'd like to know more about these topics and hope that I can receive more insight into this topic.More about skin-diseases click here common skin problems in toddlers

    ReplyDelete