To listen you must install Flash Player.

Wednesday, 10 July 2013


യാത്രയിൽ ഒരു വഴികാട്ടി – ഗൂഗിൾ മാപ്പ്


ഏതെങ്കിലും ഒരു യാത്രക്കിടയിൽ തീരെ പരിചയമില്ലാത്ത വിജനമായ ഏതെങ്കിലും നാട്ടിൽ അർദ്ധരാത്രിയിൽ വഴിയറിയാതെ നിൽകുന്ന ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ചിലപ്പോൾ ഒരു നാൽക്കവലയിൽ ആയിരിക്കും നിങ്ങൾ എങ്ങോട്ട് തിരിയണമെന്നറിയാതെ ഉഴറുന്നത്. ദിശകാണിക്കാൻ ഒരു ബോർഡ് പോലുമില്ലാതെ, വഴിചോദിക്കാൻ ഒരാളെ പോലും കണ്ടുകിട്ടാതെ, ആളെ കിട്ടിയാലും ചോദിക്കാൻ ഭാഷയറിയാതെയിരിക്കുന്ന, കണ്ടയാളെ വിശ്വസിക്കാമോ എന്നു തീർച്ചയില്ലാതെ വിഷമിക്കുന്ന പല സന്ദർഭങ്ങളെയും നമുക്ക് നേരിടേണ്ടി വരും. നിങ്ങൾ യാത്രകളെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ഇത്തരം അനുഭവം എന്തായാലും ഉണ്ടായിട്ടുണ്ടാകും. ഇത്തരം അവസ്ഥകളിൽ നിങ്ങളെ സഹായിക്കാൻ ഒരു ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പ് ഭൂമിയിൽ അവതാരമെടുത്തിട്ട് വർഷം 7 കഴിഞ്ഞെങ്കിലും പലർക്കും അജ്ഞാതമാണ് ഈ സൌജന്യ സേവനം.
ഒരു വെബ് അധിഷ്ടിത മാപ്പ് സേവനമാണ് ഗൂഗിൾ മാപ്പ്. അതായത് ഒരു വെബ്സൈറ്റ് സന്ദർശിക്കുന്ന പോലെ maps.google.com സന്ദർശിച്ച് നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പലർക്കും ഗൂഗിൾ മാ‍പ്പും, ഗൂഗിൾ എർത്തും ഒന്നുതന്നെയാണെന്ന ധാരണയുണ്ട്. എന്നാൽ രണ്ടും രണ്ടു വ്യത്യസ്ത സേവനങ്ങളാണ്, എന്നാൽ സമാനഗതിയിലുള്ളതാണ് എന്നു മാത്രം. ഗൂഗിൾ മാപ്പിൽ സാറ്റലൈറ്റ്, മാപ്പ് എന്നിങ്ങനെ രണ്ട് തരത്തിൽ മാപ്പ് കാണാവുന്നതാണ്. സാറ്റലൈറ്റ് വ്യൂ ആണെങ്കിൽ വീടുകളും, മരങ്ങളും, വാഹനങ്ങൾ ഓടുന്ന റോഡും ഉള്ള മാപ്പ് ആയിരിക്കും നിങ്ങൾക്ക് ലഭ്യമാകുന്നത്. എന്നാൽ ഇത് അമേരിക്കൻ ചാര ഉപഗ്രഹം പോലെ തത്സമയം സാറ്റ്ലൈറ്റ് കാണിച്ചുതരുന്ന ദൃശ്യമാണെന്നു തെറ്റിധരിക്കേണ്ട, മാസങ്ങൾക്ക് മുൻപ് സാറ്റലൈറ്റ് ശേഖരിച്ച ചിത്രങ്ങൾ നമ്മുടെ ആവശ്യാനുസരണം കാണിച്ചുതരുന്നു എന്നുമാത്രം.
നമ്മുടെ മൊബൈലിൽ ഉപയോഗിക്കാനായി ഗൂഗിൾ മാപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനും നമുക്ക് ലഭ്യമാണ്. യാത്രയിലും മറ്റും നമുക്ക് ഏറ്റവും വലിയ സഹായമായിരിക്കും ഈ മൊബൈൽ ആപ്ലിക്കേഷൻ. www.google.com/mobile മൊബൈൽ നിന്ന് ആക്സസ് ചെയ്താൽ നിങ്ങളുടെ മൊബൈലിന് അനുയോജ്യമായ ഗൂഗിൾ മാപ്പ്, ജിമെയിൽ തുടങ്ങിയ വിവിധ ഗൂഗിൾ സേവനങ്ങളുടെ ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഗൂഗിൾ മാപ്പ് ഒരു വെബ് അധിഷ്ടിത സേവനമാ‍ണെന്ന് ആദ്യമേ പറഞ്ഞല്ലോ, അതിനാൽ ഇൻസ്റ്റാ‍ൾ ചെയ്തു കഴിഞ്ഞാലും ഇത് ഉപയോഗിക്കണമെങ്കിൽ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്.
ഗൂഗിൾ മാപ്പ് ആദ്യം തന്നെ നിങ്ങളുടെ പൊസിഷൻ ആ‍ണ് കണ്ടുപിടിക്കുക. ഒരു നീല സ്പോട്ട് ആയി നിങ്ങൾ നികുന്ന സ്ഥലം അത് മാപിൽ കാണിച്ചുതരും. യഥാക്രമം ജിപിഎസ്, വൈഫൈ, മൊബൈൽ ടവർ എന്നിവയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് ഇത് നിങ്ങളുടെ സ്ഥാനനിർണയം നടത്തുന്നത്. നിങ്ങളുടെ സ്ഥാനം എത്ര മീറ്റർ കൃത്യതയോടെയാണ് കാണിക്കുന്നത് എന്നും ഇത് നമുക്ക് പറഞ്ഞുതരും. പിന്നീട് നിങ്ങൾക്ക് സേർച്ച് ഓപ്ഷൻ എടുത്താൽ ആവശ്യമുള്ള സ്ഥലങ്ങൾ കാണിച്ചുതരും. ഇത് വെറും മാപ്പ് ആണെന്ന് കരുതണ്ട. റോഡിന്റെ പേര്, ബസ് സ്റ്റോപ്പ്, റെയിൽവേ, സ്കൂൾ, ATM, ആശുപത്രി എന്നിങ്ങനെ നിങ്ങൾക്ക് അടയാളമായി കരുതാൻ പറ്റിയ എല്ലാം ഉള്ള ഒരു മാപ്പ് ആണ് ഇതിലുള്ളത്. ഏറ്റവും അടുത്തുള്ള ATM, റെസ്റ്റോറന്റ് എന്നിവയും നിങ്ങൾക്ക് ഗൂഗിൾ മാപ്പ് കാണിച്ചുതരും.
ഗെറ്റ് ഡയറക്ഷൻസ് അധവാ വഴി കാണിക്കുക എന്നതാണ് ഇതിലെ മറ്റൊരു സേവനം. അതായത് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനുള്ള അനുയോജ്യമായ വഴി കണ്ടു പിടിക്കാൻ ഇത് ഉപകരിക്കും. അതായത് നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പുറപ്പെടേണ്ട സ്ഥലവും, എത്തിചേരേണ്ട സ്ഥലവും കൊടുത്താൽ ഏതു മാർഗത്തിൽ യാത്രചെയ്യാനുമുള്ള വഴി ഗൂഗിൾ മാപ്പ് പറഞ്ഞുതരും. അത് ട്രെയിനിൽ ആയാലും, ബസ്സിൽ ആയാലും കാറിൽ ആയാലും ഇനി കാൽനടയായാലും നിങ്ങൾ യാത്ര ചെയ്യേണ്ട ദൂരവും, എടുക്കുന്ന സമയവും എല്ലാം ഇത് വ്യക്തമായി കാണിച്ച് തരും. ട്രെയിൻ ആണെങ്കിൽ അടുത്ത ട്രെയിൻ ഏതാണെന്നും, ബസ്സിനാണെങ്കിൽ എവിടെ നിന്ന് എങ്ങോട്ട് പോകുന്ന ബസ്സ് ആണെന്നതും, എത്ര സ്റ്റോപ്പ് കഴിയുമ്പോൾ ഇറങ്ങണമെന്നതും, ഇനി കേരളത്തിനു പുറത്താണെങ്കിൽ ബസ് നമ്പർ സഹിതവും കാണിച്ച് തരും. നിങ്ങൾ യാത്ര പുറപ്പെടുന്നതിന് മുൻപ് പോകേണ്ട റൂട്ട് തീർച്ചപെടുത്തി വയ്ക്കുക. അത് വയലറ്റ് നിറത്തിൽ നിങ്ങളൂടെ മാ‍പ്പിൽ കാണാവുന്നതാണ്. ഇനി കാറിനോ, നടന്നൊ ആണെങ്കിൽ ഏതെല്ലാം റോഡിലൂടെ എത്ര ദൂരം സഞ്ചരിക്കണം, എവിടെ എങ്ങോട്ട് തിരിയണം എന്നെല്ലാം പറഞ്ഞുതരും. ഇനി നിങ്ങളുടെ യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും വഴി തെറ്റി എന്നു തോന്നുകയാണെങ്കിൽ മാപ്പ് എടുത്ത് ഒന്നു പരിശോധിക്കുക, നിങ്ങളുടെ പൊസിഷൻ അതായത് നീല സ്പോട്ട് ഈ വയലറ്റ് പാതയിൽ നിന്നും അകന്നിട്ടുണ്ടങ്കിൽ നിങ്ങൾക്ക് വഴി തെറ്റിയെന്ന് ഉറപ്പിക്കാം. പേടിക്കേണ്ട, തിരിച്ച് നിങ്ങളുടെ പാതയിൽ എത്താനുള്ള വഴി പെട്ടെന്ന് നോക്കി കണ്ടുപിടിക്കാവുന്നതേയുള്ളു. അതിനു സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഇപ്പോൾ ഉള്ള പൊസിഷനിൽ നിന്നും ഡെസ്റ്റിനേഷനിലേക്കുള്ള വഴിയും ഇത് നിങ്ങൾക്ക് കാണിച്ച് തരും.
ആൻഡ്രോയിഡ്, വിൻഡോസ്, സിംബിയൻ, ബ്ലാക്ക്ബെറി, ജാവ തുടങ്ങി എല്ലാ പ്ലാറ്റ്ഫോമിനും അനുയോജ്യമായ ഗൂഗിൽ മാപ്പ് ആപ്ലിക്കെഷൻ ഇപ്പോൾ ലഭ്യമാണ്. ആൻഡ്രോയിഡിൽ വോയ്സ് സേർച്ച് അടക്കമുള്ള കുറച്ചധികം സേവനങ്ങൾ ലഭിക്കുന്നതായിരിക്കും.  നോക്കിയ മാപ്, ബിങ് മാപ്, ഓപ്പൺ മാപ്പ് എന്നിവ സമാനഗതിയിലുള്ള സേവനം നൽകുന്നവയാണ്. എന്നാൽ അവയേക്കാളും വേഗത്തിൽ ലോഡ് ആകുമെന്നതും, കൂടുതൽ ഇൻഫോർമേഷൻ അടങ്ങിയിട്ടുണ്ട് എന്നതിനാലുമാണ് ഗൂഗിൾ മാപ്പ് നിർദേശിക്കാൻ കാരണം.
ഏതെങ്കിലും വ്യക്തിയോട് വഴി ചോദിക്കുന്നതിലും വിശ്വസിച്ച് നിങ്ങൾക്ക് ഗൂ‍ഗിൾ മാപ്പിനോട് വഴി ചോദിക്കാം. എന്നാൽ ഒപ്പം തന്നെ റോഡിലുള്ള ദിശാബോർഡുകളെയും പരിഗണിക്കുക, കാരണം, പുതിയ റോഡുകളും, ബൈപാസ്സുകളും, വഴിയിലെ താൽകാലിക തടസ്സങ്ങളും ഗുഗിൾ മാപ്പ് അറിഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ല.

0 comments:

Post a Comment