To listen you must install Flash Player.

Sunday 21 July 2013


പക്ഷാഘാതവും രക്തസമ്മര്‍ദ്ദവും



പക്ഷാഘാതത്തിന്റെ പ്രഥമ കാരണക്കാരന്‍ അമിത രക്തസമ്മര്‍ദ്ദമെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍. മസ്തിഷ്ക നാഡി ഞരമ്പുകളിലേക്ക് ശരിയായ വിധത്തില്‍ രക്തം പ്രവേശമില്ലാതെ വരുമ്പോള്‍ ധമനികളില്‍ തകരാര്‍ സംഭവിക്കുന്നതുമൂലം തലച്ചോറിലേക്ക് പ്രാണവായു സമൃദ്ധമായ രക്തം എത്താതെ വരുന്നു. ഇത് തലച്ചോറിലെ ധമനികളെ മൃതപ്രായത്തിലാക്കുകയും മൃതിയിലേക്ക് തള്ളിവിടുകയോ ചെയ്യുന്നു. ഇതിന്റെ അനന്തരഫലമാകട്ടെ പക്ഷാഘാതമാണ്. ശരീരം പൂര്‍ണ്ണമായോ, ഭാഗികമായോ അതുമല്ലെങ്കില്‍ ഒരു വശം മാത്രമോ തളര്‍ന്നു പോകുന്നു.  പക്ഷാഘാത കാരണങ്ങളില്‍ മുന്‍നിരയിലാണ് അമിത രക്തസമ്മര്‍ദ്ദത്തിന്റെ സ്ഥാനം.  രക്തസമ്മര്‍ദ്ദ തോതും പക്ഷാഘാതവുമായി വളരെ അടുത്തുള്ള ബന്ധം കൂടുതല്‍ അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഈ മേഖലയിലെ പുതിയ കണ്ടെത്തലുകളെന്ന് ശാസ്ത്രജ്ഞര്‍ തറപ്പിച്ചു പറയുന്നു.

    പ്രായമാകുന്തോറും പക്ഷാഘാതത്തിനുള്ള സാധ്യതകള്‍ കൂടുന്നു.  കേരളീയ സമൂഹത്തില്‍ കൂടുതലായും ഈ പ്രതിഭാസം പ്രകടമാണ്. ഇതുകൊണ്ടു തന്നെയാണ് അമ്പത് വയസ്സിന് മേല്‍ പ്രായക്കാരില്‍  അതി രക്തസമ്മര്‍ദ്ദത്തെ വളരെ ഗൌരവകരമായി ചികിത്സക്ക് വിധേയമാക്കേണ്ട ആവശ്യകത ഉയര്‍ന്നിരിക്കുന്നത്.  ആധുനിക വൈദ്യശാസ്ത്ര ഫലങ്ങള്‍ ഇപ്പോള്‍ കേരളത്തിലും ഉപയോഗപ്പെടുത്തുന്ന നിരവധി ആശുപത്രികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.  ചികിത്സാ സഹായം കൃത്യസമയത്തു ലഭ്യമാക്കുകയാണ് രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന പക്ഷാഘാതത്തെ ഒഴിവാക്കാനുള്ള പ്രധാന പോംവഴി. പക്ഷാഘാതമേറ്റതിനു ശേഷമുള്ള ചികിത്സകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകയാല്‍ രോഗശാന്തിയില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്

പൂര്‍ണ്ണമായോ, ഭാഗികമായോ തളരുകയോ, അവയവങ്ങള്‍ക്ക് ബലഹീനത സംഭവിക്കുകയോ ആയാല്‍ പൂര്‍ണ്ണ സ്ഥിതി പ്രാപിക്കുക പ്രയാസമാണ്.  ശരീരപ്രവര്‍ത്തനങ്ങള്‍ പഴയ സ്ഥിതിയില്‍ പരിപൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ മിക്കവാറും കഴിയാറില്ല.  എന്നാല്‍, ആധുനിക ചികിത്സാമുറകള്‍ ഒരു പരിധിവരെ പൂര്‍വ്വ സ്ഥിതിലാക്കാന്‍ പര്യാപ്തമാണ്. പ്രായമായവര്‍ ചെറുതരം വ്യായാമങ്ങള്‍ ചെയ്ത് ശരീരത്തിന്റെ രക്തസമ്മര്‍ദ്ദനില അപകടകരമല്ലാത്ത അവസ്ഥയിലെത്തിക്കേണ്ടതുണ്ട്. പ്രായകൂടുതലാല്‍ ഇത് കുടുംബാംഗങ്ങളുടെ സഹായത്താല്‍ മാത്രമേ ചിലര്‍ക്ക് സാധ്യമാകുകയുള്ളൂ. ചെറുപ്പക്കാരില്‍ അമിത രക്തസമ്മര്‍ദ്ദത്താല്‍ പക്ഷാഘാതമേല്‍ക്കുന്നത് കുറവായിട്ടാണെങ്കിലും ചിലരില്‍ അസാധാരണമായ വിധത്തില്‍ രക്തസമ്മര്‍ദ്ദ നിരക്ക് വര്‍ദ്ധിച്ചുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതായി കണ്ടുവരുന്നു.

    ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് വഴി രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്താതെ നോക്കാം, പക്ഷാഘാതത്തെ ദുരെ നിര്‍ത്താനും കഴിഞ്ഞേക്കാം. ജീവിത ശൈലിയും ഭക്ഷണക്രമവും തന്നെയാണ് ഇവിടേയും വില്ലനായെത്തുന്നതും പക്ഷാഘാതത്തിന്റെ പിടിയില്‍ അകപ്പെടാന്‍ സഹായിക്കുന്നതും.

0 comments:

Post a Comment