To listen you must install Flash Player.

Sunday, 21 July 2013


രക്തസമ്മര്‍ദ്ദം വൃക്കകളേയും ബാധിക്കുന്നു.


    ഹൃദയത്തെ മാത്രമല്ല രക്തസമ്മര്‍ദ്ദ വര്‍ദ്ധന വൃക്കകളേയും വെറുതെ വിടുന്നില്ല. രക്തസമ്മര്‍ദ്ദം വൃക്കകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ രക്തവും പ്രാണവായുവും ലഭ്യമാക്കാതിരിക്കുന്നതിനാല്‍ പ്രവര്‍ത്തന തകരാര്‍ നേരിടും. നേരെ മിറച്ചും. വൃക്കകള്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ സൂക്ഷിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കിഡ്നികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകളും വൈതരണികളും സൃഷ്ടിക്കുന്നു. രക്തസമ്മര്‍ദ്ദ തോത് ഉയര്‍ന്നതാണെങ്കില്‍ വൃക്കകളുടെ ജോലിയും കാഠിന്യമുള്ളതാകുന്നു. ഇത് ശരീരത്തിലെ രക്തവാഹിനികുഴലുകളെ തകരാറിലാക്കുന്നതാണ്.  കിഡ്നികളിലെ രക്തകുഴലുകള്‍ക്ക് തകരാറോ, കേടുപാടുകളോ സംഭവിച്ചാല്‍ രക്തത്തിലെ മാലിന്യം പുറം തള്ളുന്നതില്‍ ആലംഭാവമുണ്ടാകുന്നു.  ശരീരത്തിലെ അമിത ദ്രാവകങ്ങള്‍/ജലവും വൃക്കകള്‍ പുറത്തു കളയുന്നത് തടസ്സപ്പെടുന്നതോടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്ന് പറയേണ്ടതില്ലല്ലോ.

    ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ദ്രാവകം തങ്ങി നില്‍ക്കാന്‍ ഇടവന്നാല്‍/ജലാംശം കൂടുതലായാല്‍ രക്തവാഹിനി കുഴലുവഴി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇതൊരു അപകടകരമായ സ്ഥിതിവിശേഷമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നില കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുന്ന കാരണങ്ങളില്‍ മുമ്പനാണ്.

    കിഡ്നി പ്രവര്‍ത്തനം നിലച്ചവര്‍ വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുകയോ ഡയാലിസിസ് മുറതെറ്റാതെ നടത്തുകയോ ആണ് ചെയ്യേണ്ടത്.  ഇന്ത്യയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകളാണ് കിഡ്നികളുടെ പ്രവര്‍ത്തനം നിലച്ച് പ്രതിവര്‍ഷം കാലപുരിക്കു പോകുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഒട്ടുമിക്ക ഹൃദയാഘാതങ്ങളും അമിത രക്തസമ്മര്‍ദ്ദത്താല്‍ ഉണ്ടാകുന്നതാണ്.

    വൃക്കകളുടെ തകരാറുകള്‍ പെട്ടെന്ന് അനുഭവപ്പെട്ടെന്ന് വരില്ല. വളരെ നിശബ്ദമായാണ് വൃക്കയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുന്നത്.  ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാകുമ്പോള്‍ ഏറെ വൈകുകയും രക്ഷാമാര്‍ഗ്ഗങ്ങള്‍ പരിമിതമാകുകയുമാണ് സാധാരണ പതിവ്.  അമിത രക്തസമ്മര്‍ദ്ദം മനസിലാക്കാന്‍ സമയമെടുക്കുന്നതുപോലെയാണിതും.  ഇതിന്റെ ഏറ്റവും വലിയ അപകടാവസ്ഥക്കു കാരണം പ്രകടമായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ കാണിക്കില്ലെന്നതാണ്. കാരണം, കിഡ്നികള്‍ രോഗാതുരമായാല്‍ തുടക്കത്തില്‍ അസുഖങ്ങളൊന്നുമുള്ളതായി അനുഭവപ്പെടുന്നില്ല. വൃക്കകള്‍ രക്തമാലിന്യങ്ങളേയും ശരീരത്തിലെത്തുന്ന ജലമാലിന്യങ്ങളേയും മാത്രമല്ല അമിത ജലാംശത്തേയും ശരിയായ തോതിലും ക്ഷമതയിലും പുറംതള്ളുന്നുണ്ടോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്.  ഇതിന് ജി എഫ് ആര്‍ (Glomerular Filtration Rate) എന്നാണ് അറിയപ്പെടുന്നത്.

    മാംസപേശികോശങ്ങളില്‍ സാധാരണ അടര്‍ന്നു വീഴുന്ന അവശിഷ്ടങ്ങളെ (creatinine) രക്തത്തില്‍ നിന്ന് അരിച്ചെടുത്ത് പുറംതള്ളുന്ന പ്രക്രിയ വൃക്കകള്‍ നടത്തുന്നതാണ്. ഇതിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തകരാറോ പ്രവര്‍ത്തനക്ഷമത കുറവോ ഉണ്ടായാല്‍ അത് ജി എഫ് ആര്‍ പരിശോധന വഴി മനസ്സിലാക്കാവുന്നതാണ്. ആരോഗ്യകരമായ വൃക്കകള്‍ ക്രെറ്റിനിയെ സാധാരണ പുറത്തേക്ക് തള്ളി അതിനെ മൂത്രത്തിനോട് ചേര്‍ത്ത് ശരീരത്തിന് പുറത്തേക്ക് കളയുന്നു.  വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ രക്തത്തില്‍ 'ക്രെറ്റിനി'യുടെ അളവ് കൂടുന്നു.  ജി എഫ് ആര്‍ അളവ് 60 മില്ലി ലിറ്റേഴ്സ്/മിനിറ്റ് (ML/min) ആണെങ്കില്‍ കിഡ്നികള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തം.  ഇതിനര്‍ത്ഥം വൃക്കകള്‍ പ്രവര്‍ത്തിക്കുന്നത് സാധാരണ നിലയിലല്ലെന്നാണ്. മൂത്രത്തിലൂടെ മാംസ്യാംശങ്ങള്‍ പുറംതള്ളുന്നു. കിഡ്നികളിലെത്തുന്ന രക്തത്തിലെ മാംസ്യം വേര്‍പെടുത്തി മൂത്രത്തില്‍കൂടി ശരീരത്തിന് പുറത്തേക്കു കളയുന്നു. രക്തസമ്മര്‍ദ്ദം സ്ഥായിയായി വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന ജലത്തിലേയും രക്തത്തിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച വരികയും കിഡ്നികളുടെ പ്രവര്‍ത്തനക്ഷമത ക്ഷയിക്കുകയോ, സ്തംഭിക്കുകയോ ചെയ്യുകയാണ് പതിവ്.

    രക്തസമ്മര്‍ദ്ദ വര്‍ദ്ധനമൂലം ഉണ്ടാകുന്നു വൃക്ക തകരാറിനേയും കേടിനേയും പരിഹരിക്കാന്‍ പലവിധ ചികിത്സാരീതികള്‍ സ്വീകരിക്കുന്നുണ്ട്. ജീവിതശൈലിയെ മാറ്റത്തിന് വിധേയമാക്കുന്നത് ചികിത്സകള്‍ ഫലപ്രദമാക്കുന്ന സുപ്രധാന കാര്യമാണ്. മരുന്നുകള്‍ കഴിക്കുന്നത് മുഖ്യമായും രക്തസമ്മര്‍ദ്ദ നില 130/80 ലും താഴെ നിലനിര്‍ത്തുന്നതിനായിട്ടാണ്.

    രക്തസമ്മര്‍ദ്ദത്തിന്റെ തോതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കിഡ്നികള്‍ക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാനാകുന്നത് നേരിട്ടുള്ള പ്രവര്‍ത്തനബന്ധം മൂലമാകുന്നു. രക്തവാഹിനി കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അത് നേരിട്ട് കിഡ്നികളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നു. ഇതുകൊണ്ടാണ് രക്തസമ്മര്‍ദ്ദ വര്‍ദ്ധന കിഡ്നികളെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.  പ്രകടമായി കിഡ്നിക്ക് തകരാറുകളൊന്നും ഇല്ലെങ്കിലും ഒരു രക്ഷാകര ചികിത്സയെന്ന നിലയിലുള്ള മുന്‍കരുതലുകളും മരുന്നുമെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദക്കാര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്.

0 comments:

Post a Comment