To listen you must install Flash Player.

Sunday 21 July 2013


BP & Heart Attack



രക്ത സമ്മര്‍ദ്ദക്കാരുടെ ശ്രദ്ധക്ക്;ഹൃദയാഘാത സാധ്യതകള്‍ ഏറെ

    
    ഹൃദയാഘാതവും അമിത രക്തസമ്മര്‍ദ്ദവുമായി കടുത്ത ബന്ധമാണുള്ളത്.  ഒട്ടുമിക്ക രക്തസമ്മര്‍ക്കാരിലും ഹൃദയാഘാതമോ, ഹൃദ്രോഗമോ കണ്ടുവരുന്നു. ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുക മാത്രമല്ല രക്തസമ്മര്‍ദ്ദ തോത് ഉയരുമ്പോള്‍ ഉണ്ടാകുന്നത്, രക്തത്തില്‍ ആവശ്യമായ പ്രാണവായുവും ഇല്ലാതെ വരുന്നു.  രക്തപ്രവാഹിനിക്കുഴലുകളുടെ സങ്കോചവും തകരാറുമൊക്കെയാകാം ഇതിന് കാരണമെങ്കിലും അത്യന്തികമായി ഇത് നേരെ ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഓരോ ഹൃദയമിടിപ്പിനിടയ്ക്കും ശേഷവും രക്തസമ്മര്‍ദ്ദ തോത് വ്യത്യസ്ഥമായിരിക്കും.  ഈ വ്യത്യസ്ഥത മാറ്റത്തിന് വിധേയമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.  രക്തസമ്മര്‍ദ്ദ വര്‍ദ്ധനയോ, കുറവോ ഉണ്ടാകാനുള്ള സാധ്യതകള്‍ കണ്ടെത്തി ചികിത്സയക്കും വൈദ്യസഹായത്തിനും അമാന്തിക്കരുത്.

    പ്രായം കൂടുംതോറും രക്തസമ്മര്‍ദ്ദ തോത് കൂടിവരാനുള്ള സാധ്യതകളുണ്ട്. ആര്‍ട്ടറികള്‍ സങ്കോചിക്കുക, ഹൃദയമിടിപ്പ് വേഗത കൂടുക, വൃക്ക രോഗം, തൈറോയിഡ് രോഗം, ഉറക്കക്കുറവ് എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള കാരണങ്ങളാണ്. ജലദോഷ നിവാരണത്തിനും ആസ്തമയ്ക്കുമുള്ള മരുന്നുകള്‍ കഴിച്ചാലും ചിലര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുന്നതായി കണ്ടുവരുന്നു.  ചില സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാലും ഗര്‍ഭിണിയായാലും ഹോര്‍മോണ്‍ ചികിത്സകള്‍ നടക്കുമ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നു.  എന്തു തന്നെയായാലും രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തചംക്രമണക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്.  ഏതെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാക്കുന്നു.  പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ അറിയാറില്ല.  അതിരക്ത സമ്മര്‍ദ്ദം ചികിത്സിച്ച് പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ കഴിയില്ലെങ്കിലും ഇതിനെ തടയാനും നിയന്ത്രിതമാക്കാനും വൈദ്യസഹായത്താല്‍ സാധ്യമാണ്.  ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും അമിത രക്തസമ്മര്‍ദ്ദം പ്രധാന കാരണക്കാരനാണ്.

    ഹൃദയാഘാതം അകറ്റി നിര്‍ത്താന്‍ രക്തസമ്മര്‍ദ്ദ തോത് സാധാരണ നിലയിലാക്കുകയാണ് പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്.  രക്ത സമ്മര്‍ദ്ദം ഉയരാതിരിക്കാന്‍ പുകവലി നിയന്ത്രിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം അമിത ശരീരഭാരം കുറയ്ക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.  പ്രമേഹരോഗികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുകയും ഇതുവഴി ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യുന്നു.  ദേഹാദ്ധ്വാനക്കാര്‍ക്ക് പൊതുവെ അതി രക്തസമ്മര്‍ദ്ദം അപൂര്‍വ്വമായിട്ടേ കാണാറുള്ളു. വ്യായാമം ചെയ്താല്‍ രക്തസമ്മര്‍ദ്ദത്തെ പിടിച്ച പിടിയാല്‍ നിര്‍ത്താമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

    ഹൃദയാഘാതത്തിന് അമിത രക്തസമ്മര്‍ദ്ദം ഇടയാക്കുന്നതുപോലെ, ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമായിട്ടും അമിത രക്തസമ്മര്‍ദ്ദ തോതിനെ പരിഗണിക്കുന്നുണ്ട് വൈദ്യശാസ്ത്രം. എന്നു കരുതി രക്തസമ്മര്‍ദ്ദമുണ്ടായാല്‍, കൂടിയാല്‍ ഉടന്‍ തന്നെ ഹൃദയാഘാതമുണ്ടാകുമെന്ന ധാരണവേണ്ട.  രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ മറ്റു പലതുമാകാനിടയുള്ളതിനാല്‍ ശരിയായ രോഗനിര്‍ണ്ണയത്തിനുശേഷം മാത്രമേ അനന്തര നടപടികളുടെ ആവശ്യമുള്ളു.  ആന്തരിക ആവയവങ്ങളുടെ തകരാറുകള്‍ മൂലവും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ഹൃദയ പേശികളുടെ ക്ഷയം മൂലം ഹൃദയത്തിന് ആവശ്യമുള്ളത്ര രക്തം പമ്പുചെയ്യാന്‍ സാധിക്കാതെ വരുന്നത് പേശികളെ നിഷ്ക്രിയമാക്കുകയോ മൃതപ്രായത്തിലെത്തിക്കുകയോ ചെയ്യുന്നു.  ഇത് മിക്കവാറും ഹൃദയാഘാതത്തിന് ശേഷമുണ്ടാകുന്ന സ്ഥിതിവിശേഷമായിട്ടാണ് കണ്ടുവരുന്നത്.  ഇയ്യൊരവസ്ഥയിലും അമിത രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുന്നു. മാത്രമല്ല, ചിലതരം മരുന്നുകള്‍ കഴിച്ചാല്‍, ഹൃദയത്തിനേല്‍ക്കുന്ന ഒരുതരം 'വിഷബാധ'മൂലവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നില രേഖപ്പെടുത്തുമെന്നാണ് വിദഗ്ദരായ ഭിഷഗ്വരന്മാര്‍ പറയുന്നത്.
    പ്രായമായവരിലാണ് രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിയ്ക്കുന്നതെന്നിരിക്കെ, രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവുമായുള്ള അടുത്ത ബന്ധവും ഈ പ്രായക്കാരിലാണ് ഏറേയും കാണപ്പെടുന്നത്. 

താഴ്ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും

    താഴ്ന്ന രക്തസമ്മര്‍ദ്ദ തോതും ഹൃദയാഘാതത്തിന് കാരണമാക്കുന്നുണ്ട്.  എന്നാല്‍, ഇത് അമിത രക്തസമ്മര്‍ദ്ദത്താല്‍ ഹൃദയാഘാതമുണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ തോതിലാണെന്നു മാത്രം. ഹൃദയത്തില്‍ പ്രാണവായുവും രക്തവും ആവശ്യത്തിനു ലഭിക്കാതെ വരുമ്പോഴാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമെങ്കില്‍ ഹൃദയത്തില്‍ ആവശ്യത്തിലധികം ചെന്നെത്തുമ്പോഴുണ്ടാകുന്ന അവസ്ഥയില്‍ രക്തസമ്മര്‍ദ്ദതോത് ഗണ്യമായി കുറയാനിടയാകുന്നു.  ഇത് നീണ്ടകാലം നിലനിന്നാല്‍ ഹൃദയാഘാതമുണ്ടാകുമെന്നാണ് വൈദ്യശാസ്ത്രജ്ഞര്‍ സമര്‍ത്ഥിക്കുന്നത്. ഹൃദയപേശികളില്‍ അണുബാധ, ചിലതരം വൈറസുകളുടെ കടന്നുകയറ്റം, ഹൃദയവാള്‍വുകള്‍ രോഗബാധ എന്നിവയെക്കെയുമായി രക്തസമ്മര്‍ദ്ദം ബന്ധപ്പെട്ടതാണ്.  എന്നു കരുതി രക്തസമ്മര്‍ദ്ദം കുറഞ്ഞതായാലും കൂടിയതായാലും അത് ഹൃദ്രോഗലക്ഷണമായി, പരിപൂര്‍ണ്ണമായി വിലയിരുത്തേണ്ടതില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

    ഹൃദയാഘാത കാരണങ്ങളില്‍ ഒന്നായ, ആര്‍ട്ടറികളിലെ തടസ്സങ്ങള്‍ രക്തസമ്മര്‍ദ്ദവുമായി നേരിട്ട് ബന്ധമുള്ളതാണ്.  ഇതുണ്ടാകുന്നത് കൊഴുപ്പുതരികള്‍ കട്ടയായി ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ധമനികളുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ച് ഒഴുക്കിനെ കുറയ്ക്കുന്നതു മൂലമാണ്.  അതുമല്ലെങ്കില്‍ രക്തമാത്രകള്‍ കൂട്ടിപ്പിടിച്ച് രക്തവാഹിനികളിലൂടെ സഞ്ചരിച്ച് ഹൃദയത്തിനകത്ത് കടക്കുന്നതിനുമുന്നെ കുഴലുകളെ പിളര്‍ത്തുന്നു.  ഇതോടെ, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക സ്വാഭാവികം. യാഥാര്‍ത്ഥ്യത്തില്‍ ഇങ്ങിനെയുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുഖ്യ ഉത്തരവാദിത്വം രക്തസമ്മര്‍ദ്ദത്തിനാണ്.

    രക്തസമ്മര്‍ദ്ദത്തിന് ഹൃദയാഘാതവുമായിട്ടുള്ള ബന്ധം കൊളസ്ട്രോള്‍, പ്രമേഹം, വൃക്കരോഗം എന്നിവയുമായിട്ടുള്ളതിനേക്കാള്‍ കൂടുതലോ, കുറവോ ആണെന്ന് പറയാനാകില്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ് - രക്തസമ്മര്‍ദ്ദം മൂലം പ്രത്യേകിച്ച് അതീവ വര്‍ദ്ധിത രക്തസമ്മര്‍ദ്ദമാണ് ഹൃദയാഘാതത്തിന്റെ വലിയ കാരണക്കാരില്‍ ഒന്ന്. പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും ഹൃദ്രോഗവുമൊക്കെ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നിരിയ്ക്കെ നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയുമൊക്കെ ആരോഗ്യകരമായ രീതിയില്‍ പുനര്‍ക്രമീകരിക്കേണ്ടതുണ്ട്.

    റെഡിമെയ്ഡ് ഭക്ഷണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ആവുന്നത്ര അകറ്റുകയാണ് പ്രധാനമായും അനുവര്‍ത്തിക്കേണ്ടത്.  ഇതിന് പുറമെ ശരീരത്തിന് വ്യായാമം ലഭിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പാക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന പ്രത്യേകിച്ച് എണ്ണയില്‍ വറുത്തെടുക്കുന്ന ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതുമെല്ലാം രക്തസമ്മര്‍ദ്ദത്തേയും അതുവഴിയുള്ള ഹൃദ്രോഗങ്ങളേയും ആഘാതങ്ങളേയും ഒരു പരിധിവരെ അകറ്റാന്‍ പര്യാപ്തമാണ്. 

വിനയാകുന്ന താഴ്ന്ന രക്തസമ്മര്‍ദ്ദം

0 comments:

Post a Comment