To listen you must install Flash Player.

Monday, 15 July 2013

ഡ്രൈവിങ് മര്യാദകള്‍

ഡ്രൈവിങ് മര്യാദകള്‍
പെരുമാറ്റത്തിലെന്ന പോലെ ഡ്രൈവിങ്ങിന്റെ കാര്യത്തിലും പാലിക്കാന്‍ ചില മര്യാദകളുണ്ട്. അവയൊക്കെ മനസിലാക്കി പെരുമാറിയാല്‍ത്തന്നെ ഗതാഗതക്കുരുക്കുകളും വാഹനാപകടങ്ങളും നല്ലൊരു പരിധി വരെ കുറയ്ക്കാനാവും. സ്റ്റിയറിങ് വീലിനു പിന്നിരിക്കുമ്പോള്‍ നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പാലിക്കുക.

ശ്രദ്ധയില്ലാതെ പോകരുത്


വാഹനം ഓടിയ്ക്കുന്നതിനിടെ ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ കടകളും ഇടവഴികളും പരതുന്നവരാണ് മിക്കപ്പോഴും അപകടങ്ങളും റോഡ് തടസ്സവും ഉണ്ടാക്കുന്നത്. യാത്ര തുടങ്ങും മുമ്പെ അറിയാവുന്നവരോട് കൃത്യമായ സ്ഥലമോ വഴിയോ ചോദിച്ചറിയുക. അല്ലാത്ത പക്ഷം വാഹനം സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തിയ ശേഷം കാര്യങ്ങള്‍ അന്വേഷിച്ചറിയുക.

കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന


നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും കാല്‍നടയാത്രക്കാരോട് മാന്യമായി പെരുമാറുക. ഒരു പക്ഷേ നിങ്ങളെക്കാള്‍ തിരക്കിലായിരിക്കും നടന്നുപോകുന്നവര്‍. വാഹനമുള്ളതുകൊണ്ട് നിങ്ങള്‍ക്ക് താരതമ്യേന വേഗത്തില്‍ ലക്ഷ്യത്തിലെത്താമെന്ന് ഓര്‍മിക്കുക. അതുകൊണ്ടുതന്നെ, റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവരെ അതിനു അനുവദിക്കുക.

ട്രാഫിക് സിഗ്നലില്‍ മഞ്ഞ തെളിയുമ്പോള്‍ വേഗം കൂട്ടി അപ്പുറത്തു കടക്കാനാണ് പലരുടെയും ശ്രമം. അതല്ല ശരിയായ രീതി. വേഗം കുറച്ച് വാഹനം നിര്‍ത്താന്‍ തയ്യാറാകുക.

സൈഡ് ഒതുക്കി ആളെ ഇറക്കുക


റോഡിലെ തിരക്കോ പിന്നില്‍ നിന്നുള്ള വാഹനങ്ങളെയോ ഗൌനിയ്ക്കാതെ പെട്ടെന്നു വണ്ടി വെട്ടിച്ചു നിര്‍ത്തി ആളെ ഇറക്കുന്നവരുണ്ട്. തികഞ്ഞ മര്യാദകേടാണത്. വലിയ അപകടങ്ങള്‍ തന്നെ അതുണ്ടാക്കിയേക്കും. തിരക്കു കുറഞ്ഞ സ്ഥലത്ത് റോഡിന്റെ അരിക് ചേര്‍ത്ത് വാഹനം നിര്‍ത്തി മാത്രം ആളെ ഇറക്കുക.

മറ്റു വാഹനങ്ങളോട് ബഹുമാനം


റോഡ് പതിച്ചുകിട്ടിയതുപോലെയാണ് ചില വണ്ടിക്കാരുടെ പെരുമാറ്റം. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചാല്‍ എതിരെ വരുന്നവര്‍ വണ്ടി നിര്‍ത്തിക്കൊടുക്കണമെന്ന് ശഠിക്കുന്നത് ഇക്കൂട്ടരാണ്. അത്തരമൊരു സിഗ്നല്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഇല്ലെന്ന കാര്യവും ഇവര്‍ക്കറിയില്ല. എല്ലാവരും റോഡ് ടാക്സ് അടയ്ക്കുന്നവാരാണെന്നും റോഡില്‍ തുല്യ അവകാശമാണുള്ളതെന്നുമുള്ള ധാരണ പുലര്‍ത്തി പരസ്പരം ബഹുമാനിക്കുക.

മറ്റുള്ളവരെ കടത്തിവിടാതെ റോഡിനു നടുഭാഗത്തുകൂടി വണ്ടി ഓടിക്കുന്നതാണ് ചിലര്‍ക്കുള്ള ദുസ്വഭാവം. മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നത് കഴിവുകേടല്ല, അതാണ് മാന്യത.

ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുക. ഉപയോഗശേഷം അവ ഓഫായി എന്നു ഉറപ്പാക്കുകയും വേണം.

ഇടംവലം നോക്കാതെ ഇടവഴിയില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറരുത്. പ്രധാനപാതയിലെ വാഹനങ്ങള്‍ക്ക് മുന്‍ഗണനകൊടുത്ത് ശ്രദ്ധാപൂര്‍വം വേണം റോഡിലേക്ക് കയറാന്‍.

കൂടുതല്‍ യാത്രക്കാരെ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ഉത്തരവാദിത്തം ബസിനുണ്ട്. അതിനാല്‍ ബസുകള്‍ക്ക് കടന്നുപോകാനുള്ള സൌകര്യം ഒരുക്കാന്‍ ചെറുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രമിക്കണം. ആംബുലന്‍സ്, ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് അപായ സൂചന നല്‍കി വരുന്ന വാഹനങ്ങള്‍ എന്നിവ കണ്ടാലുടന്‍ സൈഡ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഗതാഗതക്കുരുക്കില്‍ പെടുമ്പോള്‍ നിരതെറ്റിച്ച് വാഹനം മുന്നോട്ട് കൊണ്ടുപോകുന്നത് ന്യായീകരിക്കാവുന്ന കാര്യമല്ല. കൂടുതല്‍ തടസ്സം സൃഷ്ടിക്കാനാണ് അതിടയാക്കുക. നിങ്ങളെപ്പോലെതന്ന തിരക്കുള്ളവരാണ് ക്ഷമയോടെ നിരനിരയായി വണ്ടിയിട്ട് കാത്തുകിടക്കുന്നതെന്ന് ഓര്‍മിക്കണം.ഇടതുവശത്തുകൂടിയുള്ള ഓവര്‍ ടേക്കിങ്ങും ഒഴിവാക്കുക.

കാഴ്ച കാണാന്‍ നില്‍ക്കരുത്


റോഡപകടം ശ്രദ്ധയില്‍പെട്ടാല്‍ വെറുതെ കാഴ്ച കാണാനായി മാത്രം വണ്ടിയുടെ നിര്‍ത്തുന്നവരുണ്ട്. ഫേസ് ബുക്കിലിടാന്‍ ചില ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയിലും പകര്‍ത്തും ഇക്കൂട്ടര്‍. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിനു കാലതാമസമുണ്ടാക്കാന്‍ ആള്‍ക്കൂട്ടവും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കാരണമാകുമെന്ന് ഓര്‍ക്കുക. വെറുതെ സഹതാപം പ്രകടിപ്പിക്കുന്നതിലല്ല കാര്യം. സഹായിക്കാന്‍ സന്മനസുണ്ടെങ്കില്‍ മാത്രം വാഹനം ഒതുക്കി നിര്‍ത്തി ഇറങ്ങിച്ചെല്ലുക.

ഹോണ്‍ ആവശ്യത്തിനു മാത്രംട്രാഫിക് ബ്ലോക്കില്‍പെടുമ്പോള്‍ വെറുതെ ഹോണ്‍ മുഴക്കുന്ന ദുശ്ശീലം ചിലര്‍ക്കുണ്ട്. മുന്നിലുള്ള വാഹനത്തിലുള്ളവര്‍ക്കും യാത്ര തുടരണമെന്ന ആഗ്രഹമുണ്ടെന്നു മനസിലാക്കുക. അതു നടക്കുന്നില്ലെന്നു മാത്രം. അപ്പോള്‍പിന്നെ വെറുതെയെന്തിനു ഹോണടിച്ച് മറ്റുള്ളവരെ അലാസരപ്പെടുത്തണം?

ഡിം അടിക്കണേ..


ഡിം അടിയ്ക്കുക എന്ന ഏര്‍പ്പാട് പലര്‍ക്കുമില്ല. ബൈക്ക് യാത്രികരാണ് ഇതിന്റെ ദോഷഫലം അനുഭവിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയെ കരുതി എതിരെ നിന്നു വാഹനം 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ വരുമ്പോഴും തൊട്ടുമുന്നില്‍ വാഹനം ഉള്ളപ്പോഴും ഹെഡ് ലൈറ്റ് ഡിം ചെയ്യുക.
 

0 comments:

Post a Comment