To listen you must install Flash Player.

Monday 15 July 2013

രാത്രിയില്‍ വണ്ടി ഓടിക്കുമ്പോള്‍


പകല്‍ സമയത്തേതിനേക്കാള്‍ മൂന്നിരട്ടി റോഡപകടങ്ങളാണ് രാത്രിയില്‍ നടക്കുന്നത്. രാത്രി നല്‍കുന്ന കുറഞ്ഞ കാഴ്ചയും ഉറക്കക്ഷീണവുമെല്ലാം അപകടത്തിലേക്ക് നയിക്കുന്നു. പരിഹാരം ഒന്നേയുള്ളൂ. രാത്രിയുടെ ചതിക്കുഴികള്‍ മനസിലാക്കി ശ്രദ്ധാപൂര്‍വം വാഹനം ഓടിക്കുക.


വണ്ടിയ്ക്കും വേണം തയ്യാറെടുപ്പ്


രാത്രി ഡ്രൈവിങ്ങിനുള്ള വാഹനത്തിന്റെ ലൈറ്റുകള്‍ എല്ലാം പ്രവര്‍ത്തനക്ഷമമായിരിക്കണം. അഴുക്ക് നിറഞ്ഞ ഗ്ലാസുകള്‍ പ്രകാശം കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനാല്‍ കാഴ്ച അവ്യക്തമാക്കും. ഹെഡ്-ടെയ്ല്‍ ‍-ഫോഗ് ലാംപുകള്‍ വിന്‍ഡോകള്‍ എന്നിവ കഴുകി വൃത്തിയാക്കുക.



യാത്രയ്ക്കൊരുങ്ങുമ്പോള്‍


മൊബൈല്‍ ഫോണ്‍ ആവശ്യത്തിനു ചാര്‍ജ് ചെയ്തു കൈവശം വയ്ക്കുക. യാത്രയ്ക്കിടിയില്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ സഹായം തേടാന്‍ അതുപകരിക്കും. വയറുനിറച്ച് ആഹാരം കഴിച്ചാല്‍ പെട്ടെന്നു ഉറക്കം വരും. അതുകൊണ്ടുതന്നെ രാത്രി ഡ്രൈവിങ്ങിനിറങ്ങുമ്പോള്‍ ആഹാരത്തിന്റെ അളവു കുറയ്ക്കാന്‍ ശ്രമിക്കുക.

ഹെഡ് ലൈറ്റ് ഉപയോഗം


റിയര്‍വ്യൂ ഗ്ലാസിലൂടെയുള്ള ഹെഡ് ലൈറ്റ് പ്രതിഫലനം, മുന്നില്‍ പോകുന്ന വാഹനം ഓടിക്കുന്നയാളിന്റെ റോഡ് കാഴ്ചയെ കുറയ്ക്കും. എതിരെ നിന്നു വാഹനം 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ വരുമ്പോളും തൊട്ടുമുന്നില്‍ വാഹനം ഉള്ളപ്പോഴും ഹെഡ് ലൈറ്റ് ഡിം ചെയ്യുക. എതിരേ വരുന്ന വാഹനം ഡിം അടിക്കാത്തപക്ഷം റോഡിന്റെ ഇടത്തേ അരികിലേക്ക് ദൃഷ്ടി മാറ്റി കണ്ണിനും കാഴ്ചയ്ക്കും സംരംക്ഷണം നല്‍കുക.

മൂടല്‍ മഞ്ഞുള്ളപ്പോള്‍ ഹെഡ് ലൈറ്റ് ഹൈ ബീമില്‍ ഇടുന്നതു നിങ്ങളുടെയും എതിരെയുള്ള വണ്ടിക്കാരന്റെയും കാഴ്ചയെ ഒരു പോലെ മറയ്ക്കും. ഇത്തരം സാഹചര്യത്തില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് ഫോഗ് ലാംപ് ഉണ്ടെങ്കില്‍ അതും പ്രവര്‍ത്തിപ്പിച്ച് വേഗം കുറച്ചു മാത്രം നീങ്ങുക.

വളവുകള്‍, നാല്‍ക്കവലകള്‍ എന്നിവയ്ക്കു സമീപം ഹെഡ് ലൈറ്റ് ഹൈ ഹൈ ബീമില്‍ ഇട്ട് മറ്റുള്ളവര്‍ക്ക് സൂചന നല്‍കുക. ഒപ്പം ലൈറ്റുകള്‍ ശ്രദ്ധിച്ച് മറ്റു വാഹനങ്ങളുടെ സാന്നിധ്യവും മനസിലാക്കണം.ഹെഡ് ലൈറ്റ്മിന്നിച്ച് മുന്നറിയിപ്പുകൊടുത്തശേഷം മാത്രം മുന്നിലുള്ള വാഹനത്തെ മറികടക്കുക



















ആളുണ്ട് സൂക്ഷിക്കുക


നമ്മുടെ റോഡിലെ വളവുകളില്‍ കാല്‍ നടയാത്രക്കാരെയോ റിഫ്ലക്ടര്‍ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരിയെയോ രാത്രിയിലും പ്രതീക്ഷിക്കാം. അക്കാര്യം മനസില്‍ വച്ച് വേഗം കുറച്ച് വളവുകള്‍ കൈകാര്യം ചെയ്യുക.വെളുപ്പാന്‍കാലത്ത്, നടക്കാനിറങ്ങുന്നവര്‍ റോഡിലുണ്ടാകും. ഈ സമയം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി വാഹനം ഓടിക്കുക.

ഹമ്പ്...ഹമ്പ്...


റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ലക്ടറുകളും പ്രത്യേകം ശ്രദ്ധിക്കുക. ഹമ്പുകളും ചാടുന്നതും മറ്റും ഒഴിവാക്കാം. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം പലപ്പോഴും കണ്ണിന് അലോസരമുണ്ടാക്കും. ഇതു തടയാന്‍ സണ്‍ വൈസര്‍ വേണ്ട വിധം ക്രമീകരിച്ചാല്‍ മതി.


വേഗം കുറയ്ക്കൂ


ഹെഡ് ലൈറ്റ് നല്‍കുന്ന പരിമിതമായ കാഴ്ചയേയുള്ളൂ രാത്രിയില്‍. അതുകൊണ്ടു തന്നെ അമിത വേഗം ഒഴിവാക്കുക.

ഇരുട്ടു മാത്രമല്ല. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റ് പ്രകാശവും രാത്രി യാത്രയില്‍ കാഴ്ച കുറയ്ക്കും. സൈഡ് വ്യൂ മിററുകള്‍ പ്രകാശം മുഖത്തേക്ക് പ്രതിഫലിക്കാത്തവിധം ക്രമീകരിക്കുക.

ഉള്ളിലെ ലൈറ്റുകള്‍ പ്രകാശിപ്പിച്ചുകൊണ്ട് വാഹനം ഓടിക്കരുത്. പുറംകാഴ്ച അതു കുറയ്ക്കും. ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് സൂചന നല്‍കിയ ശേഷം മാത്രം ഏതെങ്കിലും വശത്തേക്ക് തിരിയുക.


വണ്ടി കേടായാല്‍


ബ്രേക്ക് ഡൌണ്‍ ആയാല്‍ എത്രയും പെട്ടെന്നു കഴിയുന്നത്ര റോഡരികിലേക്ക് വണ്ടി തള്ളി നീക്കിയിടുക. പാര്‍ക്ക് ലൈറ്റും ഇന്‍ഡിക്കേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് വണ്ടിയുടെ സാന്നിധ്യം മറ്റു വാഹനങ്ങളെ അറിയിക്കാനും ശ്രദ്ധിക്കുക.രാത്രിയില്‍ വളവുകളിലും കയറ്റത്തിലും യാതോരു കാരണവശാലും വാഹനം നിര്‍ത്തിയിടരുത്.

ലഹരി വേണ്ടേ വേണ്ടാ


മദ്യപിച്ചു വണ്ടി ഓടിക്കരുത് എന്ന പതിവ് ഉപദേശത്തിനൊപ്പം പറയട്ടെ. ഡ്രൈവിങ്ങിനിടെയുള്ള സിഗരറ്റ് വലിയും ഒഴിവാക്കുക. സിഗരറ്റ് പുകയേറ്റ് വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകള്‍ക്ക് മങ്ങലുണ്ടാവുക സ്വഭാവികം. മാത്രവുമല്ല, സിഗരറ്റ് കത്തിക്കാനുള്ള ശ്രമങ്ങള്‍ റോഡിലെ ശ്രദ്ധ പാളിക്കും. സിഗരറ്റിന്റെ തീ മടിയില്‍ വീഴുന്ന സ്ഥിതിയും സങ്കല്‍പ്പിക്കുക. അതുകെടുത്താനുള്ള പങ്കപ്പാടുകള്‍ വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കാം. സിഗരറ്റ് വലിക്കണമെന്ന് അത്രയ്ക്കും നിര്‍ബന്ധമുള്ള പക്ഷം റോഡരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് പുകവലി ആസ്വദിക്കുക.


വിശ്രമം അത്യാവശ്യം


രാത്രികാല വാഹനാപകടങ്ങളിലേറെയും ഉറക്കം തൂങ്ങിയുള്ള ഡ്രൈവിങ് മൂലമാണ്. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് വണ്ടി നിര്‍ത്തി വിശ്രമിച്ച ശേഷം യാത്ര ചെയ്യുക. ഉറക്കത്തിനു പകരമാവാന്‍ കാപ്പിക്കോ സിഗരറ്റിനോ ആവില്ല. അതു ഉറങ്ങിത്തന്നെ തീര്‍ക്കണം. സുരക്ഷിതമായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങിയിട്ടാവാം ബാക്കി യാത്ര. ആള്‍വാസവും വെളിച്ചവുമുള്ള സ്ഥലം വണ്ടി പാര്‍ക്കിങ്ങിനു തിരഞ്ഞെടുക്കുക.

0 comments:

Post a Comment