To listen you must install Flash Player.

Sunday 21 July 2013


ഹൃദ്രോഗം


പ്രമേഹമുള്ളവരില്‍ 90-95 ശതമാനം പേര്‍ക്കും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അമിതവണ്ണം (പ്രത്യേകിച്ചു വയര്‍ഭാഗത്ത്), ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി തുടങ്ങിയവ ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും ഇടവരുത്തുന്ന സാഹചര്യങ്ങളാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ 80 ശതമാനം പേരും അമിതവണ്ണം ഉള്ളവരാണ്. 70 ശതമാനം ആകട്ടെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും. പ്രായപൂര്‍ത്തിയായ ടൈപ്പ് 2 പ്രമേഹരോഗികളില്‍ 67 ശതമാനത്തിനും ഒന്നോ അതിലധികമോ ലിപിഡ് സംബന്ധമായ സങ്കീര്‍ണതകളും കണ്ടുവരുന്നു.

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, അമിതവണ്ണം, രക്തസമ്മര്‍ദം എന്നിവ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറ്, രക്തം കട്ടപിടിക്കുന്ന സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റം, രക്തക്കുഴലുകളിലെ കൊഴുപ്പടിയല്‍ രീതിയിലെ മാറ്റം എന്നിവയാണ് ഇതിനിടയാക്കുന്നത്.

കൊഴുപ്പടിയല്‍ ഏറെയാകുകയോ രക്തക്കട്ടകള്‍ രൂപപ്പെടുകയോ ചെയ്താല്‍ രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കിയേക്കും. ഈ തടസ്സം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടാകും. മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ പക്ഷാഘാതത്തിനും ഇടയാക്കും. 

ഇതിനുപുറമേ പ്രമേഹരോഗികളിലുണ്ടാകുന്ന ഹൃദയാഘാതം നിശ്ശബ്ദവുമായേക്കും. അതായത് ഹൃദയാഘാതമുണ്ടാകുന്നത് വേദന അനുഭവപ്പെടാത്തതുമൂലം അറിയണമെന്നില്ല. സിനിമകളിലോ ടെലിവിഷനിലോ നാം ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായിക്കാണുന്ന ലക്ഷണങ്ങളില്ലാതെയാകും ഹൃദയാഘാതമുണ്ടാവുക എന്നര്‍ഥം.

പ്രമേഹം നിയന്ത്രണവിധേയമാക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കാനുള്ള ചികിത്സാപദ്ധതിയില്‍ ആരോഗ്യപരമായ ഭക്ഷണാസൂത്രണം, വ്യായാമം, ഉചിതമായ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു
.
ശരിയായ ഭക്ഷണം: 

ഉപ്പ്, പൂരിത കൊഴുപ്പ്, കൊളസ്‌ട്രോള്‍, സംസ്‌കൃത പഞ്ചസാര എന്നിവയുടെ അളവ് കുറഞ്ഞ ഹൃദയാരോഗ്യപരമായ ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറവായ പാലുല്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.

ശാരീരിക ക്ഷമത: 

ആഴ്ചയില്‍ എല്ലാ ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം. ആരോഗ്യപരമായ ശരീരഭാരത്തില്‍ എത്തിച്ചേരുകയും നിലനിര്‍ത്തുകയും ചെയ്യുക.

മരുന്നുകള്‍: 

രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനും ഹൃദയത്തിനുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനും മരുന്നുകള്‍ കഴിക്കേണ്ടിവന്നേക്കാം.

പുതിയ വഴി: 

ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കുള്ള പുതിയ വഴിയാണ് ജി.എല്‍.പി. 1 അടിസ്ഥാന ചികിത്സ. ഹൃദയധമനീ സംബന്ധമായ നിരവധി മെച്ചങ്ങളാണ് ഈ ചികിത്സയ്ക്കുള്ളത്. ഗ്ലൂക്കഗോണ്‍ ലൈക്ക് പെപ്‌റ്റൈഡ് 1 (ജി.എല്‍.പി. 1) എന്ന സ്വാഭാവിക ഹോര്‍മോണിന്റെ സിന്തറ്റിക് പതിപ്പുകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. ജി.എല്‍.പി. 1-ന്റെ ഗുണപരമായ പ്രവര്‍ത്തനങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.

പഞ്ചസാരയുടെ തോത് അധികമാകുമ്പോള്‍ (ഭക്ഷണത്തിന് ശേഷം) ശരീരത്തിന്റെ സ്വാഭാവിക ഇന്‍സുലിന്‍ പുറപ്പെടുവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് താഴ്ത്തുകയും അതുവഴി എച്ച്.ബി.എ. 1 സി താഴ്ത്തുകയും ചെയ്യുന്നു.

സിസ്റ്റോളിക് രക്തസമ്മര്‍ദം കുറയ്ക്കുന്നു. ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നു. ഹൃദയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

ഗ്ലൂക്കഗോണിനെ (രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്ന ഹോര്‍മോണ്‍) നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത് വഴി പ്രമേഹ നിയന്ത്രണം സാധ്യമാകുന്നു.
ആമാശയത്തില്‍നിന്നു കുടലിലേക്കുള്ള ഭക്ഷണനീക്കം സാവധാനത്തിലാക്കുന്നത് വഴി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും അതിലൂടെ ശരീരഭാരം കുറയ്ക്കാനും പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു
.
ശരീരത്തില്‍ ഇന്‍സുലിന്‍ പുറത്തേക്ക് വിടുന്ന ബീറ്റ സെല്ലുകളെ മെച്ചപ്പെടുത്താന്‍ ജി.എല്‍.പി. 1 സഹായിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്.


0 comments:

Post a Comment