എന്താണ് പ്രോസസ്സർ
ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലെ വിവിധ അരിതമെറ്റിക്, ലോജിക് ഓപ്പറേഷനുകൾ നിർവ്വഹിക്കാൻ കഴിയുന്ന ഘടകത്തെയാണ് സെൻട്രൽ പ്രോസസ്സിങ്ങ് യൂണിറ്റ്, അഥവാ CPU എന്നു പറയുന്നത്. ആദ്യകാല കമ്പ്യൂട്ടറുകളിൽ ഈ ദൌത്യം നിർവ്വഹിച്ചിരുന്നത് വാക്വം ട്യൂബുകളും, പിന്നീടത് വിവിധ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ അടങ്ങിയ ബോർഡുകളുമായിരുന്നു. അതിനുശേഷം ഈ ജോലി മൈക്രോപ്രോസസ്സർ എന്നു പറയുന്ന ചിപ്പുകൾ ഏറ്റെടുത്തു. മൈക്രോപ്രോസസ്സർ എന്ന വാക്ക് ഉപയോഗത്തിൽ ചുരുങ്ങി പ്രോസസ്സർ എന്നു മാത്രമായി മാറി. പ്രോസസ്സറും ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ട് ആണ്. ഇതിന് സാധാരണ ICയുമായുള്ള വ്യത്യാസം എന്നത് എന്നത് ഒരു മൈക്രോ പ്രോസസ്സറിനെ തന്നെ നമ്മുടെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാം എന്നുള്ളതാണ്. പ്രോസസ്സറിന്റെ മെമ്മറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇൻസ്ട്രക്ഷനുകൾക്കനുസരിച്ച് ഇതിലേക്ക് നൽകുന്ന കമാൻഡുകളെ/ പ്രോഗ്രാമുകളെ നിർവ്വഹിച്ച് ഒരു ഔട്ട്പുട്ട് സൃഷ്ടിക്കാൻ സാധിക്കും. ഒരു പ്രോസസ്സർ വ്യത്യസ്ത ഉപയോഗങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയെടുക്കാമെന്നതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാമെന്നതാണ് ഇതിന്റെ മേന്മ.

1970 കളിലാണ് മൈക്രോപ്രോസസ്സർ പ്രചാരത്തിലാകുന്നത്. ഇന്റലിന്റെ 4004 ആണ് ആദ്യ വ്യാവസായിക മൈക്രോപ്രോസസ്സർ. ഇത് ഒരു 4 ബിറ്റ് മൈക്രോപ്രോസസ്സർ ആയിരുന്നു. പിന്നീട് 8 ബിറ്റ്, 16 ബിറ്റ്, 32 ബിറ്റ് മൈക്രോപ്രോസസ്സറുകൾ പ്രചാരത്തിലായി. ഇന്ന് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് 64 ബിറ്റ് പ്രോസസ്സറുകളാണ്. ഇതിനും ശേഷം വന്നതാണ് മൾട്ടി കോർ പ്രോസസ്സറുകൾ. ഇന്ന് കമ്പ്യൂട്ടറുകളിലും, ടാബ്‌ലെറ്റുകളിലും, എന്തിന് മൊബൈൽ ഫോണിൽ വരെ ഇത്തരം മൾട്ടി കോർ പ്രോസസ്സറുകൾ ഗണ്യമായി ഉപയോഗിക്കുന്നുണ്ട്.
0 comments:
Post a Comment