To listen you must install Flash Player.

Monday 8 July 2013




മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും


ഡോ. കെ.മുരളീധരന്‍പിള്ള 
വൈകാരികമായ പിരിമുറുക്കം, ആകാംക്ഷ എന്നീ വികാരങ്ങള്‍ 
ശാരീരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ വികലമാക്കി ഗുരുതരമായ
പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

ശരീരവും മനസ്സും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണസഹിതം ആയുര്‍വേദാചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനഃസ്താപം ശരീരത്തേയും തപിപ്പിക്കും. കടുത്ത മനഃസംഘര്‍ഷം തലവേദനയ്ക്കും അതിയായ ദുഃഖവും ഭയവും അതിസാരത്തിനും കാരണമാകുമെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. ഭയചകിതനായ ഒരാളില്‍ അതിസാരം (Irritable Bowel Syndrome) ഉണ്ടാകത്തക്കവണ്ണമുള്ള രാസപരിണാമങ്ങള്‍ ശരീരാന്തര്‍ഭാഗത്ത് നടക്കുന്നുണ്ടെന്ന് ആയുര്‍വേദാചാര്യന്മാര്‍ മനസ്സിലാക്കിയിരുന്നു. ശാരീരിക രോഗമായ ജ്വരത്തിന്റെയും മറ്റും ചില പ്രത്യേക ഘട്ടങ്ങളില്‍, മാനസികലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ദുഃഖം, ആകുലത തുടങ്ങിയ മനോവികാരങ്ങള്‍ വാതത്തെയും കോപം പിത്തത്തെയും മനോവൈക്ലബ്യം കഫത്തേയും വര്‍ധിപ്പിച്ച് ശാരീരിക രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

വൈകാരികമായ പിരിമുറുക്കം, ആകാംക്ഷ എന്നീ മാനസിക വികാരങ്ങള്‍ ശാരീരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ വികലമാക്കി ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

മാനസികമായ പിരിമുറുക്കം എന്നു പറഞ്ഞാല്‍, മാറ്റങ്ങളോട് അല്ലെങ്കില്‍ അവസ്ഥാഭേദങ്ങളോട് ശാരീരികമായും മാനസികമായും നിങ്ങള്‍ പ്രതികരിക്കുന്ന രീതി എന്നാണര്‍ഥം. മാറ്റങ്ങളെപ്പോലെത്തന്നെ സമ്മര്‍ദവും ഗുണപരമോ അല്ലാത്തതോ ആകാം. എല്ലാ വ്യക്തികളും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കിലും ഓരോരുത്തരിലും അത് വ്യത്യസ്ത അളവിലായിരിക്കുകയും ഓരോരുത്തരും അതിനോട് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനമേഖലയില്‍ ഒരു നിര്‍ണായകഘട്ടം മുന്നിലെത്തുമ്പോഴും കുടുംബപരമായ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴും എന്തിനേറെ ഒരു ഗതാഗതക്കുരുക്കിലകപ്പെടുമ്പോള്‍ പോലും സമ്മര്‍ദമനുഭവപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഈ പിരിമുറുക്കമുള്ള ജീവിതരീതി നമ്മളില്‍ ശാരീരികമായും വൈകാരികമായും മാനസികമായും സമ്മര്‍ദമുണ്ടാക്കുന്നു. ഇതിന്റെ ഫലമായി പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, പ്രവൃത്തികളില്‍ ഏകാഗ്രത നഷ്ടപ്പെടുക, തലവേദന ഉണ്ടാകുക എന്നിവ അനുഭവവേദ്യമാകും. അള്‍സര്‍, വിഷാദരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കും. ശാരീരികമായ ശക്തിക്ഷയം, തളര്‍ച്ച, ശ്രദ്ധയില്ലായ്മ എന്നിവയും സമ്മര്‍ദവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, ഉറക്കമില്ലായ്മ, മുടികൊഴിച്ചില്‍, ത്വക്ക്തടിപ്പ്, ഉദരരോഗങ്ങള്‍ എന്നിവയും ഉണ്ടാകും. ദേഷ്യം, മടുപ്പ്, ആശാഭംഗം എന്നിവയുണ്ടാക്കുന്ന അസ്വസ്ഥപൂര്‍ണമായ മാനസികാവസ്ഥയ്ക്കും കടുത്ത മനഃസമ്മര്‍ദങ്ങള്‍ വഴിവെക്കുന്നു. സമ്മര്‍ദത്തോടുള്ള നമ്മുടെ പ്രതികരണങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാകാതെ വരുമ്പോഴോ, സമ്മര്‍ദത്തോട് പൊരുത്തപ്പെടാനാകാതെ വരുമ്പോഴോ അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമായിത്തീരും.

സമ്മര്‍ദങ്ങളോട് പൊരുത്തപ്പെടണമെങ്കില്‍ അടിസ്ഥാനപരമായി വിവിധ സാഹചര്യങ്ങളോടുള്ള നമ്മുടെ പ്രതികരണങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. ആഴത്തിലുള്ള ശ്വാസോച്ഛാസവും മാംസപേശികളുടെ വലിവ് കുറക്കുവാനുള്ള മാര്‍ഗങ്ങളും പരിശീലിച്ച് നമ്മുടെ ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുവാന്‍ ശീലിക്കണം. തങ്ങള്‍ക്ക് അസ്വീകാര്യങ്ങളായ കാര്യങ്ങളെച്ചൊല്ലി ഒട്ടേറെ ആളുകള്‍ വ്യാകുലപ്പെടാറുണ്ട്. ഇത് മറ്റാരുടെയെങ്കിലും വികാരങ്ങളോ വിശ്വാസങ്ങളോ അതുപോലെയുള്ള തങ്ങളെക്കൊണ്ട് മാറ്റാനാകാത്ത കാര്യങ്ങളെച്ചൊല്ലിയായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കുക വഴി നിങ്ങള്‍ക്ക് നിങ്ങളുടെ സമ്മര്‍ദത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്.

0 comments:

Post a Comment