To listen you must install Flash Player.

Friday 19 July 2013





തടി ഫർണിച്ചറുകൾ കാത്തു സൂക്ഷിക്കാൻ







പണ്ട് ഏതു വീട്ടിൽ പോയാലും കാണാം,വീട് നിറയെ തടി കൊണ്ടുള്ള ഫർണിച്ചറുകൾ നിറഞ്ഞു കിടക്കുന്നത്. എന്നാൽ ഇന്നിപ്പോൾ കാലം മാറി. തടിയുടെ സ്ഥാനത്ത് പ്ലാസ്റ്റിക്‌,ഗ്ലാസ്സ് തുടങ്ങി വിവിധതരം വസ്തുക്കൾ കൊണ്ടുള്ള ഫർണിച്ചറുകൾ വന്നു തുടങ്ങി. എന്നാലും തടി കൊണ്ട് നിർമ്മിച്ച മേശ,അലമാര,കസേര തുടങ്ങിയവയുടെ ഭംഗിയും പ്രതാപവും ഒന്ന് വേറെ തന്നെ. അതിനാൽ തന്നെ ഫർണിച്ചർ വിപണിയിൽ ഇന്നും ഇവയ്ക്കുള്ള പ്രിയം തീരെ കുറഞ്ഞിട്ടില്ല.
എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് തടി ഫർണിച്ചറുകൾ കേടുപാടുകൾ കുടാതെ സംരക്ഷിച്ചു കൊണ്ടു പോകുകയെന്നത് കുറച്ചു കഷ്ടം പിടിച്ച പണി തന്നെയാണ്. അതിനുള്ള ചില എളുപ്പ വഴികൾ ഇതാ.
ഒട്ടും അഴുക്കോ മങ്ങലോ വീഴാത്ത രീതിയിലാണ് ഇവ സൂക്ഷിക്കേണ്ടത്. എന്തെങ്കിലും ദ്രാവകമോ പൊടിയോ മറ്റോ വീണാലും അവ പെട്ടെന്ന് തന്നെ തുടച്ചു മാറ്റുക. എന്തിന് സാധാരണ വെള്ളം വീണാലും മതി അത് പറ്റിപ്പിടിച്ചു പിന്നീടു ഒരു പാടുണ്ടാകാൻ. ചിലപ്പോൾ ഈ വെള്ളത്തിൽ തന്നെ കെമിക്കൽസും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതൊക്കെ വീണു തടിയിലെ വാർണിഷുമായി പ്രതിപ്രവർത്തിച്ചു ഒരു വലിയ പാടായി മാറുന്നത് നിങ്ങൾ പോലും അറിയില്ല. അത് കൊണ്ട് എത്രയും പെട്ടെന്നു തന്നെ തുടച്ചു മാറ്റുക.
മേശപ്പുറത്ത് ഏറ്റവും കൂടുതൽ വീഴാൻ സാധ്യതയുള്ള ഒന്നാണ് ചായ. മേശയിലോ സ്റ്റൂളിലോ ചായ വീണുണ്ടായ പാടുകൾ സസ്യഎണ്ണയും ആൽക്കഹോളും ചേർന്ന മിശ്രിതം കൊണ്ട് തുടച്ചു നീക്കാം. അതല്ലെങ്കിൽ ആൽക്കഹോൾ കലർന്ന ഏതെങ്കിലും ക്ലീനിംഗ് വസ്തുക്കൾ കൊണ്ടും കറ നിഷ്പ്രയാസം മാറ്റാം. എത്ര വലിയ കറയാണെങ്കിലും ഒരു സോഫ്റ്റ്‌ തുണി ഉപയോഗിച്ചു പെട്ടെന്നു തന്നെ തുടച്ചു മാറ്റാൻ ശ്രദ്ധിക്കുക.
വീട്ടിൽ ഫർണിച്ചറുകൾ ക്രമീകരിക്കുമ്പോൾ ഒരിക്കലും നേരിട്ട് സൂര്യപ്രകാശം അടിക്കത്തക്ക രീതിയിൽ വയ്ക്കരുത്. സൂര്യപ്രകാശം പുറമെയുള്ള വാർണിഷിൽ വിള്ളലുണ്ടാക്കുകയും പിന്നെ കൂടുതൽ കേടു പാടുകൾക്ക് കാരണമാകുകയും ചെയ്യും. ഈർപ്പമുള്ള കാലാവസ്ഥയും തടിക്കു ദോഷമാണ്. എന്തെങ്കിലും വിള്ളലോ സുഷിരങ്ങളോ വന്ന തടിയാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ തേക്ക് തുടങ്ങി ഈടുള്ള തടികൾ കൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾക്ക് ഈ പറഞ്ഞ തലവേദനയില്ല.

0 comments:

Post a Comment