To listen you must install Flash Player.

Sunday, 7 July 2013


എങ്ങനെ 'റിലാക്‌സ്'ചെയ്യാം?-1 .
                     
മനസ്സിന് ശാന്തിയും ആഹ്ലാദവും പകരുന്ന കാര്യങ്ങളില്‍ മുഴുകുന്നതിനെയാണ് വിശ്രാന്തി അഥവാ റിലാക്‌സേഷന്‍ എന്നു പറയുന്നത്. വാശിയോടെ എന്തെങ്കിലും ചെയ്യേണ്ട സമയമല്ലിത്. ഏറ്റവും ആഹ്ലാദം തരുന്ന രസകരമായ കാര്യങ്ങളിലാണു മുഴുകേണ്ടത്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ത് എന്നു സ്വയം മനസ്സിലാക്കി അതില്‍ മുഴുകണം.

പടം വരയ്ക്കുക, പെയിന്‍റ് ചെയ്യുക തുടങ്ങിയ സര്‍ഗാത്മകപ്രവൃത്തികളാവാം.
നൃത്തം, നടത്തം, നീന്തല്‍ തുടങ്ങിയ രസകരമായ വ്യായാമങ്ങളാവാം.
വായന, പാട്ടു കേള്‍ക്കല്‍ തുടങ്ങിയവ.
തയ്യല്‍, പൂന്തോട്ടമൊരുക്കല്‍ തുടങ്ങിയവയും ആഹ്ലാദമേകുന്ന പ്രവൃത്തികള്‍ തന്നെ.
പേശികള്‍ക്ക് അയവേകുന്ന ലഘുവ്യായാമങ്ങള്‍.


റിലാക്‌സ് ചെയ്യുമ്പോള്‍ ഒരു കാര്യത്തിനും നിര്‍ബന്ധം പിടിക്കരുത്. പതിവായി ഒരു മണിക്കൂര്‍ നടക്കുന്നയാള്‍ക്ക് ഒരു ദിവസം അരമണിക്കൂര്‍ നടക്കാനേ തോന്നിയുള്ളൂ എങ്കില്‍ അതുകൊണ്ടുനിര്‍ത്താം. എന്നും പൂന്തോട്ട നിര്‍മാണത്തില്‍ ശ്രദ്ധിക്കുന്നയാളാണെങ്കിലും താത്പര്യം തോന്നാത്ത ദിവസങ്ങളില്‍ മനസ്സില്ലാ മനസ്സോടെ അവിടേക്കു പോകേണ്ട കാര്യമില്ല. വിശ്രാന്തിവേളയും വിശ്രാന്തിവിനോദങ്ങളും മനസ്സിന് തികച്ചും ശാന്തിയും സമാധാനവും പകരുന്നതായിരിക്കണം.

ആഹ്ലാദഭരിതരാവുക

ഇത്തരം സൂത്രവിദ്യകളിലൂടെ സ്‌ട്രെസ് ഒഴിവാക്കാനാകുമെങ്കിലും ഇതു പതിവായാല്‍ ഈ വിദ്യകളുടെ ശേഷി കുറയും. സ്വന്തം സാഹചര്യങ്ങളെയും മാനസികാവസ്ഥയെയും നിയന്ത്രണത്തിലാക്കുകയാണു വേണ്ടത്.

അതിനുമപ്പുറം ഇടയ്‌ക്കൊക്കെയുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ മാത്രം ഈ എളുപ്പവഴികള്‍ സ്വീകരിക്കുന്നതാണുത്തമം. ഓരോ തവണയും ഏറ്റവുമാദ്യം മനസ്സില്‍ തോന്നുന്ന രീതി സ്വീകരിക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്‌ട്രെസ്സിനെ നേരിടുക. കീഴടക്കി ആഹ്ലാദഭരിതരാവുക.

സുഹൃത്തുക്കളോടു സംസാരിക്കുക
എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടാകുമ്പോള്‍ എല്ലാവരില്‍നിന്നും അകന്ന് ഒറ്റയ്ക്കിരിക്കാനാണു പലര്‍ക്കും തോന്നുക. അതു പക്ഷേ, പലപ്പോഴും സ്‌ട്രെസ് വര്‍ധിപ്പിക്കാനാണു സാധ്യത. നല്ല അടുപ്പമുള്ള സുഹൃത്തുക്കളോട് എന്തെങ്കിലും കളിതമാശകള്‍ പറയാന്‍ ശ്രമിക്കുക. ബോധപൂര്‍വം അതിനുവേണ്ടി യത്‌നിക്കണം. കൊച്ചുകുഞ്ഞുങ്ങളെ കൊഞ്ചിക്കാന്‍ കഴിയുമെങ്കില്‍ ഏറെ ഹൃദ്യമായിരിക്കും. നമ്മുടെ ടെന്‍ഷന്‍ മൂലം കുഞ്ഞുങ്ങളോടു ദേഷ്യപ്പെടരുത്.

സ്‌ട്രെസ് മൂലം ഒന്നും ചെയ്യാന്‍ കഴിയാതെ ടി.വി. കാണാനും മറ്റും പോകുന്നത് ഗുണകരമായെന്നു വരില്ല. ടി.വി. കാണുമ്പോള്‍ നമുക്ക് അതില്‍ മാനസികപങ്കാളിത്തം വളരെ കുറവായിരിക്കും എന്നതാണ് മുഖ്യകാരണം.

പാട്ടു പാടുക

പാട്ടു കേള്‍ക്കുന്നത് മനസ്സിന് ആഹ്ലാദമേകും. എങ്കിലും സ്‌ട്രെസ് ഒഴിവാക്കാന്‍ കൂടുതല്‍ നല്ലത് പാട്ടു പാടുന്നതുതന്നെയാവും. ഇഷ്ടപ്പെട്ട പാട്ടോ കവിതയോ അല്പം ഉച്ചത്തില്‍ പാടുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് പാട്ടിന്റെ ശബ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

നന്നായി ആസ്വദിച്ച് ഒരു അഞ്ചാറു വരി പാടുമ്പോള്‍ത്തന്നെ മനസ്സിന് ഒരു സുഖം തോന്നും. പാടാന്‍ മടിയുള്ളവര്‍ക്ക് അമ്മ മടിയിലിരുത്തി ഉമ്മ തന്നു പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ ഓര്‍ത്തെടുത്തു ചൊല്ലാം. പഴയ മുദ്രാവാക്യഗാനങ്ങളോടാണു താത്പര്യമെങ്കില്‍ അതാവാം. എങ്ങനെയായാലും, സ്‌ട്രെസ് ഒഴിവാക്കാനുള്ള ഒരു നല്ല മാര്‍ഗമാണ് ഉച്ചത്തില്‍ പാടുന്നത്.

മധുരസ്മരണകള്‍

മാനസിക സമ്മര്‍ദങ്ങളില്‍ നിന്നു രക്ഷ പ്രാപിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് മധുരസ്മരണകളെ താലോലിക്കുന്നത്.                                   

Comment by sebastian p.j. on August 2, 2011 at 7:21pm
എങ്ങനെ 'റിലാക്‌സ്'ചെയ്യാം?-2 .

മുന്‍പു നടത്തിയ ഏതെങ്കിലും വിനോദയാത്രയുടെ, അല്ലെങ്കില്‍ ഏറ്റവും ആഹ്ലാദകരമായ ഏതെങ്കിലും ഒത്തുചേരലിന്റെ ഓര്‍മ്മ മനസ്സിലുണര്‍ത്തുക.

സായാഹ്നത്തില്‍ മനോഹരമായ ഉദ്യാനത്തിലൂടെ വെറുതേ നടക്കുന്നത് മനസ്സിലോര്‍ക്കുക. ഒന്നുരണ്ടു മിനുട്ടുകൊണ്ട് മനസ്സിന് അയവു വരും. മഴ ഇഷ്ടമുള്ളയാളാണെങ്കില്‍, ഒന്നുരണ്ടു മിനുട്ട് കണ്ണടച്ച് മഴയെ ധ്യാനിക്കുക. ആഹ്ലാദത്തോടെയിരുന്ന് മഴ കണ്ടത് ഓര്‍മിക്കുക. പൊടുന്നനെ മനസ്സില്‍ ഒരാഹ്ലാദം നിറയുന്നത് അനുഭവിക്കാനാകും.

വിശ്രാന്തിമാര്‍ഗങ്ങള്‍

ശബ്ദബഹളങ്ങളോ അമിതവെളിച്ചമോ ഇല്ലാത്ത മുറിയാണ് പരിശീലനത്തിന് ഉത്തമം. ഈസിച്ചെയറില്‍ സുഖമായി ചാരിക്കിടക്കാം. കട്ടിലില്‍ കിടക്കുകയുമാവാം. സാവധാനം കണ്ണുകള്‍ അടയ്ക്കുക. പതുക്കെ ഉള്ളിലേക്കു ശ്വാസമെടുത്ത് നിറയ്ക്കുക. സാവധാനം ശ്വാസം പുറത്തുവിടുക. ശ്വാസോച്ഛ്വാസം വളരെ പതുക്കെ ആയിരിക്കണം.

വലതു കൈയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മുഷ്ടി ചുരുട്ടുക. അതിശക്തമായി ബലം പ്രയോഗിച്ച് ചുരുട്ടിത്തന്നെ പിടിക്കുക. ഏതാനും സെക്കന്‍റുകള്‍ക്കുശേഷം പതുക്കെപ്പതുക്കെ ബലം കുറച്ചുകൊണ്ടുവരിക. വളരെ സാവധാനം വിരലുകള്‍ വിടര്‍ത്തി കൈ മുഴുവനായും അയച്ചിടുക. ഇതുപോലെ ഇടംകൈയിലും വളരെ ശക്തമായി മുറുക്കവും അയവും അനുഭവിക്കുക. ഒന്നുരണ്ടു തവണ സാവധാനം ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക. തോളിലെ മാംസപേശികളില്‍ ശ്രദ്ധയുറപ്പിച്ച് തോള്‍ ചെവിയോടു ചേര്‍ത്ത് അതിശക്തമായി ഞെരിക്കുക. സാവധാനം തോള്‍ വിശ്രമാവസ്ഥയിലേക്കു കൊണ്ടുവരണം. മറുവശത്തെ തോളിലും ഇതുതന്നെ ആവര്‍ത്തിക്കുക.

ഒന്നുരണ്ടുതവണ വളരെ പതുക്കെ ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്തശേഷം തല പതുക്കെ പിന്നിലേക്കു ചേര്‍ത്തു വയ്ക്കുക. സാവധാനം ശ്വാസമെടുത്ത് തല ബലമായി പിന്നിലേക്കു ചേര്‍ത്തു അമര്‍ത്തുക. തലയ്ക്കു പിന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായി അമര്‍ത്തണം. ക്രമേണ ബലം കുറച്ചുകൊണ്ടുവരണം. കഴുത്തിന് ഒരല്പംപോലും ആയാസമില്ലാത്തവിധം അയച്ചിടുക. ഒന്നുരണ്ടു തവണ വളരെ പതുക്കെ ദീര്‍ഘമായി ശ്വാസം എടുത്ത് പുറത്തുവിടാം.

അടുത്തതായി മുഖപേശികളില്‍ ശ്രദ്ധിക്കുക. മുകളിലത്തെയും താഴത്തെയും പല്ലുകള്‍ ചേര്‍ത്ത് പതുക്കെ ഞെരിക്കുക. കൂടുതല്‍ ബലം കൊടുത്ത് പല്ലു കടിക്കരുത്. അതു ചിലപ്പോള്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. മോണയിലും പല്ലുകളിലും അമിതബലം ഉണ്ടാകാതെയും എന്നാല്‍ താടിയില്‍ സാമാന്യം സമ്മര്‍ദം ഉണ്ടാകും വിധവും പല്ലുകള്‍ ചേര്‍ത്തു ഞെരിക്കണം. അതിനുശേഷം പതുക്കെ മുഖപേശികളും പല്ലുകളും അയച്ച് സാവധാനം വായ് അല്പം തുറക്കുക. താടിയിലും മുഖപേശികളിലും പല്ലുകളിലും മോണയിലുമൊക്കെ അനുഭവപ്പെടുന്ന സുഖാനുഭവം അറിയുക.

കണ്ണിന്റെ പേശികളിലും കണ്‍പോളകളിലും മനസ്സുറപ്പിക്കുക. കണ്ണ് നന്നായി ഇറുക്കി അടയ്ക്കണം. കണ്ണിലെ സമ്മര്‍ദ്ദം അനുഭവിച്ചറിയാനാകും. ഇനി സാവധാനം അവ അയച്ചു കൊണ്ടുവരിക. കണ്ണിന് നല്ലൊരു ശാന്തിയും അയവും അനുഭവപ്പെടും.
അടുത്തതായി കാലുകള്‍. രണ്ടു കാലിന്റെയും പാദങ്ങള്‍ പരമാവധി മുന്നോട്ടു പിടിച്ച് കാല്‍മസിലുകളില്‍ കഴിയുന്നത്ര സമ്മര്‍ദം കൊടുക്കുക. ഏതാനും നിമിഷം അങ്ങനെ നില്‍ക്കുമ്പോള്‍ത്തന്നെ കാലില്‍ നല്ല സമ്മര്‍ദം അനുഭവപ്പെടും. സാവധാനം കാല്‍മസിലുകള്‍ അയച്ചുകൊണ്ടുവരിക. രണ്ടുകാലുകളും തികഞ്ഞ വിശ്രാന്തിയിലാവട്ടെ. അതീവരസകരമായ ഒരു സുഖാലസ്യം അനുഭവപ്പെടും.

ഏതാനും തവണകൂടി നന്നായി ദീര്‍ഘശ്വാസമെടുത്ത് സാവധാനം ഉച്ഛ്വസിക്കുക.

0 comments:

Post a Comment