To listen you must install Flash Player.

Sunday, 7 July 2013


ആരോഗ്യത്തിന്റെ അഴകാര്‍ന്ന വഴികള്‍ 

ഡോ.കെ.മുരളി 

തിരക്കുപിടിച്ച പുതിയകാലത്ത് ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ വഴികളുണ്ടോ? പഴയകാലത്തെ ജീവിതചര്യകളെല്ലാം ഇന്നും പ്രായോഗികമാണെന്ന് പറയുന്നു ആയുര്‍വേദം. സ്ത്രീകളെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും. ഒപ്പം ശരീരത്തിന്റെ ഓരോ കണികയിലും സൗന്ദര്യം തുളുമ്പാന്‍ ചില ആയുര്‍വേദ വഴികളും...


ആരോഗ്യമുള്ളപ്പോഴാണ് സൗന്ദര്യം ഉണ്ടാവുന്നത്. ആരോഗ്യമുള്ള യാള്‍ക്ക് അനായാസം ജോലികള്‍ ചെയ്യാം. അതേപോലെ മനസ്സുഖവും അനുഭവപ്പെടും. ഇതെല്ലാം തകിടം മറിയുന്നത് രോഗം വരുമ്പോഴാണ്. അപ്പോഴാണ് പലരും ശരീരത്തെ ശ്രദ്ധിക്കുന്നതുതന്നെ.

ആരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യണം? അതിരാവിലെയുള്ള കുളി, രണ്ടുനേരവുമുള്ള കുളി എന്നിവയെല്ലാം പണ്ടുള്ളവരുടെ ശീലമാണ്. ഇവയെല്ലാം നല്ല ദിനചര്യകളുടെ തുടക്കമാണ്. നന്നായി എണ്ണ തേച്ചുള്ള കുളി വിശപ്പ് കൂട്ടും. അത് മനസിന് ഉന്മേഷം നല്‍കും. തലയില്‍ തണുത്ത വെള്ളം തന്നെ ഒഴിക്കുക. കണ്ണുകള്‍ക്കും ഇത് കുളിര്‍മ നല്‍കും. മുടിയില്‍ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതാണ് നല്ലത്. താരന്‍ അധികമാവാതിരിക്കാനും ഇത് സഹായിക്കും. താരന്‍ അധികമാകുന്നെങ്കില്‍ വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഔഷധഎണ്ണ ഉപയോഗിക്കാം. തലമുടിയുടെ ആരോഗ്യത്തിന്, കഞ്ഞുണ്ണി, പൂവാങ്കുരുന്നില എന്നിവ ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുക.

ശരീരം ശോഭയുള്ളതാവാന്‍ മഞ്ഞള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. മഞ്ഞള്‍ ദേഹകാന്തി കൂട്ടും. അത് അമിതരോമവളര്‍ച്ച തടയും.ദേഹത്ത് എന്നും എള്ളെണ്ണ പുരട്ടുന്നുന്നത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും. എന്നും ഇതിന് കഴിയാത്തവര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും എണ്ണ തേപ്പ് ശീലമാക്കുക. ഭാവിയില്‍ വാതരോഗങ്ങള്‍ പിടിപെടാതിരിക്കാനും ഇതൊരു മുന്‍കരുതലാണ്.

ഒരു കത്തി വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ത്തന്നെ അതിന്റെ മൂര്‍ച്ച കൂടും. നേരേ ചൊവ്വേ ഉപയോഗിക്കാത്തപ്പോഴാണ് മൂര്‍ച്ച നഷ്ടപ്പെടുന്നത്. അതേപോലെയാണ് ശരീരത്തിന്റെ കാര്യവും. 

ആഹാരം

ആഹാരം ശരീരത്തിന് യോജിച്ചതും അളവനുസരിച്ചുള്ളതുമാകണം. സമയം നോക്കിയല്ല, വിശന്നിട്ടേ ഭക്ഷണം കഴിക്കാവൂ. ശാസ്ത്രപ്രകാരം, രണ്ട് നേരമാണ് ആഹാരം കഴിക്കേണ്ടത്. ഭക്ഷണം മൂക്കുമുട്ടെ കഴിക്കുന്നത് ആരോഗ്യകരമല്ല. വയറിന്റെ അരഭാഗം ഭക്ഷണവും കാല്‍ ഭാഗം വെള്ളവും കാല്‍ ഭാഗം വായുവുമായിരിക്കണം എന്ന് ആയുര്‍വേദം. ഒരു തവണ ഭക്ഷണം ദഹിച്ചശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞിട്ടേ വീണ്ടും കഴിക്കാന്‍ പാടുള്ളൂ. വാങ്ങാന്‍ കിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ (ഹോട്ടല്‍, ബേക്കറി, ഈസി-ടു-കുക്ക് ഉല്പന്നങ്ങള്‍) രുചിക്കും മണത്തിനും മാത്രം പ്രാധാന്യമുള്ളവയാണ്. ഇത് ശരീരത്തിന് ദോഷമുണ്ടാക്കുകയേയുള്ളൂ.

പഴയ രീതിയിലുള്ള ഭക്ഷണരീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ശീലിപ്പിക്കുകയും വേണം. കഞ്ഞിയും മറ്റും ഇഷ്ടപ്പെടാത്ത കുട്ടികളുടെ എണ്ണം ഏറിവരുന്നു. പുറത്തുനിന്ന് വാങ്ങാന്‍ കിട്ടുന്നവയാണ് ഉത്തമ ഭക്ഷണമായി കുട്ടികള്‍ കാണുന്നത്. അത് മാറ്റിയെടുക്കണം. പഴം, പച്ചക്കറികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. വറുത്തെടുത്തവ കുറയ്ക്കണം. ഭക്ഷണത്തിന്റെ അളവും പ്രധാനമാണ്. ബാക്കിവരുന്ന ഭക്ഷണം പാഴാക്കണ്ടല്ലോ എന്നു കരുതി, സ്വന്തം വയറ്റില്‍ കുത്തിത്തിരുകുന്ന സ്ത്രീകളുണ്ട്.ഇതും ഒഴിവാക്കേണ്ട ശീലമാണ്.

വ്യായാമവും വിനോദവും

ആരോഗ്യമുള്ള ശരീരത്തിന് ആയാസവും വിശ്രമവും തുലനം ചെയ്തുപോകണം. ആയാസം കുറഞ്ഞ ജോലികളിലേര്‍പ്പെട്ടവര്‍ വ്യായാമം ചെയ്യേണ്ടിവരും. ഇക്കാലത്തെ പരിഷ്‌കൃത അടുക്കള ഒട്ടും തന്നെ ആയാസത്തിന് പറ്റിയതല്ല. യാത്ര, ഒരേ പോലെയുള്ള ശാരീരിക നിലകളില്‍ (ഇരുപ്പ് മാത്രം, നിന്നു മാത്രമുള്ള) ഉള്ള ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് ക്ഷീണം അനുഭവപ്പെടുമെങ്കിലും അവര്‍ക്കും വ്യായാമങ്ങള്‍ വേണം.

മടുപ്പിനെയും ക്ഷീണത്തെയും മാറ്റാന്‍ പറ്റിയ ഔഷധമാണ് വ്യായാമം. സ്ത്രീകള്‍ക്ക് വ്യായാമത്തിന് സ്വാതന്ത്ര്യവും സ്വകാര്യതയും ഒരുക്കിക്കൊടുക്കേണ്ടത് കുടുംബത്തിന്റെ ഉത്തരവാദിത്വമാണ്. അധികം ആയാസമുണ്ടാക്കാത്തതും കുറഞ്ഞ സ്ഥലസൗകര്യം മാത്രം വേണ്ടിവരുന്നതുമായ യോഗാസനങ്ങള്‍ക്ക് സ്ത്രീകളുടെ വ്യായാമത്തില്‍ പ്രാധാന്യമുണ്ട്. വിശ്രമവേളകളും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അവശ്യംതന്നെ. വിനോദം വിശ്രമസമയത്തെ അപഹരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

സ്‌നേഹവും സുഖവും

മനസ്സിന് വിചാരമൊഴിഞ്ഞ നേരമില്ലല്ലോ; ഉറങ്ങുമ്പോഴൊഴിച്ച്. നല്ല വിചാരം മനസ്സിനും ശരീരത്തിനും ആരോഗ്യമേകുന്നു. വെറുപ്പ്, കോപം, അസൂയ, ദുഃഖം, ഉത്ക്കണ്ഠ എന്നിങ്ങനെയുള്ള ദോഷസ്വഭാവങ്ങള്‍ വിട്ട് മനസ്സുകൊണ്ട് സ്‌നേഹം, സുഖം, സമഭാവന എന്നീ ഭാവങ്ങള്‍ കൈവരിക്കണം. ഇതിന് വായന, പ്രാര്‍ഥന, ആശയവിനിമയം തുടങ്ങിയവയൊക്കെ നല്ലതാണ്.

0 comments:

Post a Comment