To listen you must install Flash Player.

Friday, 5 July 2013

ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍

photography-2
ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്നത് ഏവരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മൊബൈല്‍ ക്യാമറകളുടെ പ്രചാരവും, ഡിജിറ്റല്‍ ക്യാമറകളുടെ വിലയിലുണ്ടായ കുറവും കാരണം ഫോട്ടോഗ്രാഫി ഏവര്‍ക്കും സാധ്യമായ ഒരു മീഡിയമായി മാറിയിരിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, വിവാഹ ചടങ്ങുകളിലും, മറ്റ് മീറ്റിങ്ങുകളിലും, തീന്‍ മേശയിലും ഒക്കെ തന്നെ ക്യാമറകളുടെ ഈ അതിപ്രസരം നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഇവിടെയെല്ലാം ചിത്രങ്ങള്‍ മോശമായാല്‍ ക്യാമറയെ കുറ്റം പറയുക എന്നത് ഏവരും പാലിച്ച് വരുന്ന ഒരു കാര്യമാണ്. എന്നാല്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ വില കൂടിയ ക്യാമറ തന്നെ വേണമെന്നില്ല, ഫോട്ടോ പകര്‍ത്തുമ്പോള്‍ അല്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ക്യാമറയെ കുറ്റപ്പെടുത്താതെ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. സംഗീതവും, ചിത്രരചനയും എന്നപോലെ ഫോട്ടോഗ്രാഫിയും ഒരു കലയാണ്. അതിനാല്‍ തന്നെ ഫോട്ടോഗ്രാഫറുടെ കഴിവും അഭിരുചിയും അതില്‍ തെളിയും. കലാകാരന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണ് ക്യാമറ എന്ന് മറക്കരുത്.
മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് പ്രയോജനകരമായ ഏതാനും പ്രാഥമിക പാഠങ്ങള്‍ ഇവിടെ നിര്‍ദ്ദേശിക്കുകയാണ്.
photography-1
1. ഫ്രെയിം കമ്പോസിങ്ങ് :
ചിത്രകലയുടെ ഏറ്റവും പ്രാധമിക പാഠം എങ്ങനെ ഫ്രെയിം കമ്പോസ് ചെയ്യാം എന്നുള്ളതാണ്. അതാണ് ഏറ്റവും പ്രധാനവും. ഒരു സീന്‍ നമ്മള്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുമ്പോള്‍ എന്തെല്ലാം വസ്തുക്കള്‍ അതില്‍ ഉള്‍ക്കൊള്ളിക്കണം, ഓരോന്നിന്റെയും സ്ഥാനം എവിടെയായിരിക്കണം, പശ്ചാത്തലം എന്തായിരിക്കണം, തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ മനസില്‍ കാണുക. അതിനു ശേഷം അതിന്റെ വ്യത്യസ്ത വീക്ഷണ കോണുകളിള്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി നോക്കുക. അതിനെ നിങ്ങള്‍ മനസില്‍ കമ്പോസ് ചെയ്ത ഫ്രെയിമുമായി താരത‌മ്യം ചെയ്ത് നോക്കുക. ഇനി ക്യാമറയുടെയോ, സ്ഥലത്തിന്റെയോ പരിമിതികള്‍ മൂലം അനാവശ്യ സംഗതികള്‍ ഫ്രെയിമില്‍ കടന്ന് കൂ‍ടിയിട്ടുണ്ടെങ്കില്‍ അവ മുറിച്ചു മാറ്റിയതിനു ശേഷം മാത്രം ചിത്രം പ്രദര്‍ശിപ്പിക്കുക.
photography-5
2. റൂള്‍ ഓഫ് തേഡ്സ് :
ഫോട്ടോഗ്രാഫിയിലെ പ്രധാന തമ്പ് റൂള്‍ ആണ് ഇത്. ഒരു പ്രധാന ഒബ്‍ജക്ട് ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ എങ്ങനെ കമ്പോസ് ചെയ്യണം എന്നാണ് ഇത് പ്രതിപാദിക്കുന്നത്. നിങ്ങള്‍ കമ്പോസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സീനിനെ ലംബമായും, തിരശ്ചീനമായും മൂന്ന് തുല്യ ഭാഗങ്ങളായി മുറിക്കുക. ഇപ്പോള്‍ ആകെ 9 ചതുരങ്ങളും 4 ക്രോസ് പോയന്റുകളും ലഭിക്കും. ഇനി നിങ്ങളുടെ പ്രധാന ഒബ്ജക്ടിനെ ഫ്രെയിമിന്റെ കൃത്യം നടുവില്‍ വരാതെ ക്രോസ് പോയന്റുകളില്‍പ്രതിഷ്ടിച്ചാല്‍ ചിത്രം വളരെ മനോഹരമായിരിക്കും. ആളുകളുടെയും, ചലിക്കുന്ന വസ്തുക്കളുടെയും ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ അവരുടെ ചലനദിശയുടെ മുന്‍ഭാഗത്ത് കൂടുതല്‍ സ്ഥലം നല്‍കുന്നത് ഉചിതമായിരിക്കും. കഴിവതും സന്ദര്‍ഭങ്ങളില്‍ ചിത്രം കമ്പോസ് ചെയ്യുമ്പോള്‍ ഈ നിയമം പാലിക്കാന്‍ ശ്രമിക്കുക.
3. ലൈറ്റിങ്ങില്‍ ശ്രദ്ധിക്കുക :
ഫോട്ടോഗ്രാഫി എന്നത് ശരിക്കും പ്രകാശത്തിന്റെ കലയാണ്. നിറങ്ങള്‍ക്ക് അവിടെ രണ്ടാം സ്ഥാനം മാത്രമേയുള്ളൂ. അതിനാലാണ് തന്നെയാണ് പലപ്പോഴും കളര്‍ ചിത്രങ്ങളേക്കാള്‍ മനോഹരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തപ്പെടുന്നത്. മികച്ച ഡെപ്ത് ഓഫ് ഫീല്‍ഡ് ലഭിക്കാനും മറ്റും കൃത്യമായ ലൈറ്റിങ്ങ് അനിവാര്യമാണ്. സൂര്യപ്രകാശത്തില്‍ ചിത്രം പകര്‍ത്തുമ്പോള്‍ ഒബ്ജക്ടിന്റെ പ്രകാശത്തിന് എതിരെയുള്ള ഭാഗം ഇരുണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. അതുപോലെ നല്ല പ്രകാശമുള്ള ബാക്ഗ്രൌണ്ടില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ഒബ്ജക്ട് വളരെ ഇരുണ്ട് പോകാം.
photography-4
4. വൈറ്റ് ബാലന്‍സ് :
വ്യത്യസ്ത ലൈറ്റ് സ്രോതസ്സുകള്‍ക്ക് വ്യത്യസ്ത കളര്‍ ഇഫക്ടുകളാണ് ഉള്ളത്. സൂര്യപ്രകാശം കൂടുതല്‍ നീല കലര്‍ന്നതും, ഫിലമെന്റ് ലൈറ്റിന് മഞ്ഞ നിറവും, ഫ്ലൂറസെന്റ് ലൈറ്റിന് അല്പം പച്ച നിറവും ആണൂള്ളത്. ഫ്ലാഷ് ലൈറ്റിനാണെങ്കില്‍ ചിലപ്പോള്‍ ഇതില്‍ നിന്ന് എല്ലാം വ്യത്യസ്തമായ ഇഫ്ക്ടും വന്നേക്കാം. ക്യാമറ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഓട്ടോമാറ്റിക് ആയി ഈ വൈറ്റ് ബാ‍ലന്‍സ് സെറ്റ് ചെയ്യാറുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇത് മാന്വല്‍ ആയി സെറ്റ് ചെയ്യണം. അല്ലെങ്കില്‍ നമ്മള്‍ കാണുന്ന നിറത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ നിറത്തിലായിരിക്കും നമുക്ക് ചിത്രം ലഭിക്കുന്നത്.
5. ബുദ്ധിപൂര്‍വ്വമായ ഫ്ലാഷ് ഉപയോഗം :
ഫ്ലാഷ് പലപ്പോഴും നമ്മുടെ ചിത്രങ്ങളെ വളരെ മനോഹരമാക്കാന്‍ സഹായിക്കാറുണ്ട്. എന്നാല്‍ അത് മനോഹരമായ ചിത്രങ്ങളെ ഭീകരമാക്കാനും കാരണമാകാറുണ്ട്. മുറികളിലും മറ്റും വച്ച് ഫ്ലാഷ് ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ പ്രേതസമാനമായ നിഴലുകള്‍ വരാന്‍ സാധ്യതയുണ്ട്. മുറികളില്‍ ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍ സന്ദര്‍ഭാനുസരണം റിഫ്ലക്ടറുകളോ, ഡിഫ്യൂസറുകളോ ഉപയോഗിക്കുക. സാധിക്കുമെങ്കില്‍ സീലിങ്ങ് റൂഫിനെയോ, ഭിത്തിയെയോ ഒക്കെ ബുദ്ധിപൂര്‍വ്വം റിഫ്ലക്ടര്‍ ആയി ഉപയോഗിക്കാവുന്നതാണ്. ബാക്ഗ്രൌണ്ട് പ്രകാശപൂര്‍ണ്ണമായതിനാൽ ഒബ്ജ്ക്ട് ഇരുണ്ട് പോകുന്ന സന്ദര്‍ഭങ്ങളില്‍ ഫില്‍ ഫ്ലാഷ് ഉപയോഗിക്കാം.
photography-3
6. മികച്ച ടൈമിങ്ങ് :
പി. ടി ഉഷക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായ അതേ വിലയാണ് ഫോട്ടോഗ്രാഫിയില്‍ ഓരോ സെക്കന്റിനും ഉള്ളത്. ഒരാള്‍ വെള്ളത്തിലേക്ക് ചാടുന്ന മനോഹര ദൃശ്യം ലഭിക്കണമെങ്കില്‍ അത് അതിന്റെ കൃത്യ സമയത്ത് തന്നെ എടുക്കണം. ഒരു സെക്കന്റ് മുന്‍പോ ശേഷമോ ഉള്ള ചിത്രത്തിന് യാതൊരു വിലയുമില്ല. എസ്എല്‍ആര്‍ ക്യാമറകളെ അപേക്ഷിച്ച് മൊബൈല്‍ ക്യാമറകളിലും മറ്റും ഷട്ടര്‍ ലാഗ് ഉണ്ടായിരിക്കും. അതായത് നിങ്ങള്‍ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തി ഏതാനും നിമിഷം കഴിഞ്ഞേ ചിത്രം പകര്‍ത്തു. ഈ സമയം കൂടി പരിഗണിച്ചാല്‍ മാത്രമേ മികച്ച ടൈമിങ്ങോട് കൂടി ചിത്രം പകര്‍ത്താന്‍ സാധിക്കു.

0 comments:

Post a Comment