എന്താണ് ആൻഡ്രോയിഡ് ?
അല്പകാലം മുൻപ് വരെ മൊബൈൽ ഫോണിൽ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉണ്ടെന്നു പോലും ആളുകൾ ബോധവാന്മാരായിരുന്നില്ല. വല്ല മോഡേൺ പയ്യന്മാരും നോക്കിയ 6600 യോ, നോക്കിയ കമ്മ്യൂണിക്കേറ്ററോ എടുത്ത് സിംബിയൻ ആണെന്നും അതിൽ ഒരുപാട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്നൊക്കെ പറഞ്ഞാൽ “ നിനക്കീ ശവപ്പെട്ടിയും ചുമന്നോണ്ടു നടക്കുന്ന നേരം കാശുകൊടുത്ത് വേറെ വല്ല ഫോണും വാങ്ങിക്കൂടെ? “ എന്ന കമന്റായിരിക്കും മറുപടി. മൊബൈൽഫോൺ നമ്മുടെ ഒഴിവാക്കാനാവാത്ത ഒരു സഹചാരിയായപ്പോൾ അതിന്റെ ഉപയോഗങ്ങളും കൂടി വന്നു. അങ്ങനെ ഉയർന്നു വന്ന ആവശ്യകതകൾ നിറവേറ്റാൻ സിംബിയനോ, വിൻഡോസ് മൊബൈലിനോ കഴിയാതെ വന്നപ്പോഴാണ് പുതിയൊരു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അനിവാര്യത ലോകം മനസിലാക്കുന്നത്.
പുതിയ ഒരു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഭാവി മനസിലാക്കിയ അമേരിക്കയിലെ ഒരു കൂട്ടൻ യുവശാസ്ത്രജ്ഞന്മാർ 2003 ൽ ആൻഡ്രോയിഡ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ച് തങ്ങളുടെ ഗവേഷണങ്ങൾ ആരംഭിച്ചു. 2005 ൽ ആൻഡ്രോയിഡിനെ സ്വന്തമാക്കിയ ഗൂഗിൾ 2007 ൽ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരിൽ വിവിധ കമ്പനികളുടെ ഒരു ഫോറം രൂപീകരിച്ച് തുടർന്നുള്ള ഗവേഷണങ്ങൾ അതിന്റെ കീഴിലാക്കി. ഇന്ന് ഗൂഗിൾ, സാംസങ്ങ്, സോണി, എൽജി, തോഷിബ, ഹ്യൂവായ്, വോഡഫോൺ, മോട്ടറോള, ഇന്റൽ ടിമൊബൈൽ തുടങ്ങി 60ൽ പരം കമ്പനികൾ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസിന്റെ കീഴിൽ ആൻഡ്രോയിഡിന്റെ ഗവേഷണത്തിൽ പങ്കാളികളാണ്.
2008 സെപ്റ്റംബറിൽ ആണ് ആൻഡ്രോയിഡിന്റെ ആദ്യ വെർഷൻ വിപണിയിൽ എത്തുന്നത്, വെറും രണ്ട് വർഷം കൊണ്ട്, അതായത് 2010 ൽ ലോകത്തെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മൊബൈൽ പ്ലാറ്റ്ഫോമായി ആൻഡ്രോയിഡ് മാറി. ആൻഡ്രോയിഡിന്റെ കഴിവുകൾ തന്നെയാണ് ഈ വമ്പിച്ച വില്പന നേടാൻ അവരെ സഹായിച്ചത്. ഇപ്പോൾ വിപണിയിലുള്ള 70% സ്മാർട്ട്ഫോണുകളും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ആണ്.
ലിനക്സ് കെർണലിനെ മൊബൈൽ ഡിവൈസുകളിൽ ഉപയോഗിക്കാൻ പാകത്തിന് രൂപപ്പെടുത്തിയെടുത്തതാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. അതിനാൽ ഒരു കമ്പ്യൂട്ടർ ചെയ്യുന്ന എല്ലാ പ്രവർത്തികളും ചെയ്യാൻ അൻഡ്രോയിഡ് ഫോണുകൾക്കു സാധിക്കും. 1.4Ghz പ്രോസസ്സർ, 1GB റാം എന്നൊക്കെ ഒരു 7 വർഷം മുൻപ് വരെ പറഞ്ഞാൽ അതു ഒരു മികച്ച കമ്പ്യൂട്ടറിന്റെ കോൺഫിഗറേഷൻ ആയിരുന്നു. എന്നാൽ ഇന്നിറങ്ങുന്ന എല്ലാ സ്മാർട്ട് ഫോണുകൾക്കും ഈ കോൺഫിഗറേഷൻ ഉണ്ട്. അതായത് ഒരു കൊച്ചു കമ്പ്യൂട്ടർ ആണ് ഇന്നത്തെ മൊബൈൽ ഫോണുകൾ എന്ന് ചുരുക്കം.
സുഗമമായ ഇന്റർനെറ്റ് ബ്രൌസിങ്ങ് അതും ഫ്ലാഷ് പിന്തുണയോടെ, വേഡ് ഡോക്യുമെന്റുകൾ തയ്യാറാക്കുക, പവർപോയന്റ് പ്രസന്റേഷനുകൾ തയ്യാറാക്കുക, HD വീഡിയോകൾ തടസമില്ലാതെ കാണുക, സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളുമായി മികച്ച ഇന്റ്ഗ്രേഷൻ, ചിത്രങ്ങൽ വരക്കാനും ഫോട്ടോകൾ എഡിറ്റ് ചെയ്യാനുമുള്ള കഴിവ്, വീഡിയോ കോൺഫറൻസിങ്ങ്, മാപ്പ് ഇന്റഗ്രേഷൻ എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും സവിശേഷതകൾ ഇതിനുണ്ട്. നിലവിൽ നാലു ലക്ഷത്തിൽ അധികം ആപ്ലിക്കേഷനുകൾ ഉള്ള ആപ്ലിക്കേഷൻ സ്റ്റോറും, ദിവസവും പുതിയ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ വെമ്പൽ കൊള്ളുന്ന ഡെവലപ്പേർസും ആൻഡ്രോയിഡിനെ ഏറെ ശക്തിപ്പെടുത്തുന്നു.
ആൻഡ്രോയിഡ് നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഒരു 500 Mhz പ്രോസസ്സർ കുറഞ്ഞത് 350MB ഇന്റേർണൽ മെമ്മറി എന്നിവ വേണം, പിന്നെ ആൻഡ്രോയിഡ് പൂർണ്ണമായും ടച്ച് സ്ക്രീനുകളെ പിന്തുണക്കുന്നതായതിനാൽ അതിനുള്ള സൌകര്യവും അനിവാര്യമായതിനാൽ ഇത് നമ്മുടെ സാധാരണ മൾട്ടിമീഡിയ ഫോണുകളിലേക്ക് വരും എന്നു കരുതാൻ സാധ്യതയില്ല.
ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ശക്തമായ സ്മാർട്ട് ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്നു ചോദിച്ചാൽ അത് ആപ്പിളിന്റെ ഐഒഎസ് ആണെന്നതിൽ മറിച്ചൊരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ ആൻഡ്രോയിഡിന്റെ ഓരോ വെർഷനുകളും കൂടുതൽ കൂടുതൽ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാൻ ഇരിക്കുന്ന ആൻഡ്രോയിഡ് 4.0 ഐസ്ക്രീം സാൻഡ് വിച്ച് എന്തൊക്കെ സവിശേഷതകളാണ് കാഴ്ചവക്കാൻ പോകുന്നത് എന്ന് കണ്ടറിയാം.
0 comments:
Post a Comment